അങ്കമാലി: വനിത ഡോക്ടറെ കെട്ടിയിട്ട് 70 പവനോളം സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും കവർച്ചചെയ്ത രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ.രണ്ടാമനായുള്ള തിരച്ചിൽ ഊർജ്ജിതം. ഏകദേശം ഒരാഴ്ച മുമ്പ് അറസ്റ്റും നടപടികളും പൂർത്തിയായെങ്കിലും പൊലീസ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. വിവരം ലഭിച്ചതിനെത്തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായത്.

മധുര സ്വദേശി സൗന്ദർരാജി(59)നെയാണ് കഴിഞ്ഞദിവസം ചെങ്ങമനാട് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്.സൗന്ദർരാജിനെ അറസ്റ്റുചെയ്തെന്നും ഇയാൾ ഇപ്പോൾ റിമാന്റിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ കൂട്ടാളിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് വെളിപ്പെടുത്തി.

അത്താണിയിൽ മാമ്പറ്റത്ത് പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂവിന്റെ വീട്ടിൽ 2019 ഫെബ്രുവരി 16-ന് രാത്രിയിലാണ് കവർച്ച നടന്നത്. കവർച്ചനടത്തിയവരിൽ പ്രധാനിയാണ് സൗന്ദർരാജ്. ഇയാളെ ഏതാനും ദിവസം മുമ്പ് തെളിവെടുപ്പിനായി ഡോക്ടറുടെ വീട്ടിൽ എത്തിച്ചെന്നും കാലിലെ കൊലുസും കൈയിൽക്കിടന്ന രണ്ട് വളകളും മൂന്ന് മോതിരവും ഊരിയെടുത്തത് ഇയാളെന്നും ഡോക്ടർ സ്ഥിരീകരിച്ചതായിട്ടാണ് സൂചന. ഒരു ലക്ഷത്തിഅറുപതിനായിരം രൂപ തനിക്ക് ലഭിച്ചെന്നും വീട്ടിൽനിന്നും കവർച്ച ചെയ്ത സ്വർണം കൂട്ടാളി കോഴിക്കോട് ഒരാളെ വിൽക്കാൻ ഏൽപ്പിച്ചെന്നും സൗന്ദർരാജ് പൊലീസിനോട് പറഞ്ഞു.

കവർച്ച നടന്നിട്ട് രണ്ട് വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് കവർച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിട്ടുള്ളത്. സംഭവത്തിനുപിന്നിൽ കുപ്രസിദ്ധ കവർച്ചക്കാരൻ മധുര സ്വദേശി സൗന്ദർരാജാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വീട്ടിൽ നിന്നും ലഭിച്ച വിരലടയാളം ഇയാളുടെ വിരലയാളവുമായി പൊരുത്തപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ഇയാളിലേക്ക് തിരിയാൻ കാരണമായത്. ഇയാൾ കോയമ്പത്തൂർ പൊലീസിന്റെ വലയിലായിരുന്നെന്നും പിന്നീട് തന്ത്രപൂർവ്വം ഇയാൾ രക്ഷപെട്ടെന്നും മറ്റുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു.

'കുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ മറ്റൊരാളും ചേർന്നാണ് കവർച്ച നടത്തിയത്. ഇവരിലൊരാൾ ബെഡ്ഡിലേയ്ക്ക് തള്ളി വീഴ്‌ത്തി, പുതപ്പുകൊണ്ട് മൂടിയ ശേഷം കൈയിൽപ്പിടിച്ച് നിന്നു. ഈ സമയം മറ്റെയാൾ സ്വർണ്ണവും പണവും മുഴുവൻ വാരിക്കൂട്ടി ചുരിദാറിന്റെ ഷാളിൽ പൊതിഞ്ഞെടുത്തു. തുടർന്ന് ചിരി സമ്മാനിച്ച് പിന്നിലെ വാതിൽ വഴി ഇരുവരും മടങ്ങുകയായിരുന്നു.'-ഡോക്ടർ പൊലീസിൽ നൽകിയ മൊഴി ഇങ്ങനെയായിരുന്നു.

പലപ്പോഴായി വിവാഹത്തിന് ലഭിച്ചതടക്കമുള്ള പഴയ ആഭരണങ്ങൾ മാറി ഡോക്ടർ പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങൾ വാങ്ങിയിരുന്നു .ഇതുമുഴുവനും കവർച്ചക്കാർ കൊണ്ടുപോയി. സ്വർണ്ണ-വജ്രാ ആഭരണണങ്ങളും വിലപിടിപ്പുള്ള വാച്ചുമടക്കം നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം കണക്കുകൂട്ടുമ്പോൾ നഷ്ടം വളരെ വലുതാണെന്നും ഇതുവരെ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം ഏറെക്കുറെ മൊത്തമായും നഷ്ടപ്പെട്ടുവെന്നും സംഭവത്തിന് പിന്നാലെ ഡോക്ടർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.


തൊട്ടടുത്ത വീട്ടുകാർ പുലർച്ചെ ഒന്നരയോടെയാണ് എയർപോർട്ടിലേക്ക് പുറപ്പെട്ടത്. എന്നിട്ടും കവർച്ചക്കാർ എത്തിയത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. പരിസരവും താസക്കാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു നാട്ടുകാർ. അരമണിക്കൂറിലേറെ സമയം കവർച്ചക്കാർ മുറിയിൽ ചിലവഴിച്ചിരുതായി ഡോക്ടറുടെ വിവരണത്തിൽ നിന്നും വ്യക്തമായിരുന്നു. കവർച്ചക്കാർ മുറിക്ക് പുറത്തിറങ്ങിയ ഉടൻ ഡോക്ടർ വിവരം പൊലീസിൽ അറിയിച്ചിരുന്നു. സ്റ്റേഷനിൽ നിന്നെത്തിയ ആദ്യപൊലീസ് സംഘം വേണ്ടവണ്ണം ഉണർന്ന് പ്രവർത്തിക്കാതിരുന്നത് കവർച്ചക്കാർക്ക് രക്ഷപെടാൻ അവസരം ഒരുക്കിയെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.

ചെങ്ങമനാട് പ്രാഥമീകാരോഗ്യകേന്ദ്രത്തിലാണ് ഡോ. ഗ്രേസ്സ് ജോലി ചെയ്യുന്നത്. വീടിന്റെ പിൻവശത്തെയും കിടപ്പുമുറിയുടെയും കതകിന്റെ കുറ്റികൾ ഇളക്കി മാറ്റിയാണ് രണ്ടംഗ കവർച്ച സംഘം അകത്തുകടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും മുൾപ്പെടെ മുഴുവൻ സന്നാഹങ്ങളും പ്രയോജനപ്പെടുത്തിയായിരുന്നു ആദ്യഘട്ടത്തിലെ പൊലീസ് അന്വേഷണം.