കാലടി : പുത്തൻകാവ് റോഡിൽ കുടി നടന്നു പോവുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചയാളെ കാലടി പൊലീസ് അറസ്റ്റു ചെയ്തു. മഞ്ഞപ്ര ആനപ്പാറ മൂഞ്ഞേലി വീട്ടിൽ വിനോജ്(36) നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് യൂണിവേഴ്‌സിറ്റി - ഇഞ്ചക്കകവല റോഡിൽ പൂണോളി ഇടവഴി ഭാഗത്ത് വച്ച് സൈക്കിളിൽ സഞ്ചരിച്ചു വന്ന യുവതിയെ പുറകിലൂടെ സ്‌ക്കൂട്ടർ ഓടിച്ചു വന്ന ഇയാൾ അപമാനിക്കാൻ ശ്രമിച്ചതിനു ശേഷം കടന്നു കളയുകയായിരുന്നു.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ഡി വൈ എസ് പി ജയരാജിന്റെ നേതൃത്വത്തിൽ കാലടി പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് ബി, സബ് ഇൻസ്‌പെക്ടർ മാരായ പ്രശാന്ത് പി നായർ, ജോസ് എംപി ജയിംസ്, എഎസ്ഐ ജോഷി, സിവിൽ പൊലീസ് ഓഫിസർമാരായ നവാബ് .കെ.എ, നൗഫൽ, ജയന്തി എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി ഇയാളെ റിമാണ്ട് ചെയ്തു.