കോതമംഗലം:സ്വർണ്ണാഭരണ കട നടത്തുന്ന ഇടു ക്കി സ്വദേശിയുടെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർകൂടി കോതമംഗലം പൊലീസിന്റെ പിടിയിലായി. പൂണിത്തുറ ചക്കരപ്പറമ്പ് പുൽ പറമ്പ് റോഡിൽ പുറക്കാട്ടിൽ വീട്ടിൽ തംസ് എന്ന് വിളിക്കുന്ന നിധിൻ ആന്റെണി (33), ചേരാനല്ലൂർ ചിറ്റൂർ ഹോളി ഫാമിലി ചർച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടിൽ ആന്റെണി റിജോയ് (35), ഇടുക്കി രാജകുമാരി കൊല്ലാർമാലിൽ വീട്ടിൽ എൽദോ മാത്യു (43 )എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി ഇടുക്കി രാജാക്കാട് സ്വർണ്ണാഭരണകട നടത്തുന്ന ബെഷി എന്നയാൾ സ്വർണം വാങ്ങുവാനായി കാറിൽ രാജകമാരിയിൽ നിന്നും തൃശൂർക്ക് പോയ സമയത്ത് തങ്കളം മാർ ബസേലിയോസ് ദന്തൽ കോളേജിനു സമീപം വെച്ച് പ്രതികൾ ഓടിച്ചു വന്ന കാർ ബെഷിയുടെ കാറിനെ വട്ടം വെച്ച് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്വർണം വാങ്ങാനായി പണവുമായിട്ടാണ് ബെഷി സഞ്ചരിക്കുന്നതെന്ന വിവരമറിഞ്ഞ് അത് തട്ടിയെടുക്കുന്നതിനാണ് രണ്ട് കാറുകളിലായി വന്ന പ്രതികൾ ശ്രമിച്ചത്. എന്നാൽ കടയുടമയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ സാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഏഴു പേർ പ്രതികളായ ഈ കേസിൽ മൂന്ന് പേരെ കൂടി ഇനി അറസ്റ്റ് ചെയ്യുവാനുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ ഡി.വൈ.എസ്‌പി സി.ജി.സനിൽകുമാർ, കോതമംഗലം ഇൻസ്‌പെക്ടർ ബി. അനിൽ. സബ് ഇൻസ്‌പെക്ടർമാരായ പി.ഡി. അനുപ് മോൻ, രാജേഷ് എഎസ്ഐമാരായ ഷിബു, സിദ്ധാർത്ഥൻനമ്പ്യാർ, രഘുനാഥ്, ബിജു ജോൺ, നൗഷാദ്, സി.പി.ഒമാരായ അനൂപ്, രഞ്ചിത്ത്, ദിലീപ് ശ്രീജിത്ത്, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.