- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലി കഞ്ചാവ് കേസ്: രണ്ടാം പ്രതിയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി; അറ്റാച്ച് ചെയ്യുന്നത് കഞ്ചാവ് വിൽപ്പനയിലൂടെ നിസാർ ഭാര്യയുടെ പേരിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലമെന്ന് എസ്‌പി കെ.കാർത്തിക്
ആലുവ :അങ്കമാലി കഞ്ചാവ് കേസിലെ രണ്ടാം പ്രതിയുടെ സ്വത്ത് കണ്ടുകെട്ടാനുള നടപടിയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചെളിക്കണ്ടത്തിൽ നിസാർ (37) ഭാര്യയുടെ പേരിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലമാണ് കണ്ടുകെട്ടുന്നത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥലം കഞ്ചാവ് വിൽപ്പനയിലൂടെ നിയമവിരുദ്ധമായി നേടിയ പണം കൊണ്ട് വാങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് എം.ഡി.പി. എസ് ചട്ടം 68 ( ഇ) പ്രകാരം നടപടി സ്വീകരിച്ചു. സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും രേഖകൾ ശേഖരിച്ചു നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഇവർ അപ്പീൽ നൽകിയെങ്കിലും അത് ചെന്നെയിലുള്ള ഇതുമായി ബന്ധപെട്ട ഓഫീസ് തള്ളുകയായിരുന്നു. ജില്ലയിൽ ആദ്യമായാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തി സമ്പാദിച്ച വസ്തു കണ്ടു കെട്ടുന്നത്.
കഴിഞ്ഞ നവംബറിലാണ് ആന്ധ്രയിൽ നിന്നും ആഡംബരക്കാറിൽ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽ വച്ച് പൊലീസ് പിടികൂടിയത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. കേരളത്തിലെ പ്രധാന കഞ്ചാവ് കടത്തുസംഘമായ ഇവർ പലപ്പോഴായി ആയിരക്കണക്കിന് കിലോ കഞ്ചാവാണ് ഇടുക്കിയിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. ഇവർക്ക് കഞ്ചാവ് നൽകുന്ന ആന്ധ്ര സ്വദേശിയുൾപ്പടെ പത്തോളം പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തുട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്‌പി കെ. കാർത്തിക് പറഞ്ഞു