കോഴിക്കോട്: വളർത്താൻ വാങ്ങിയ നാലരവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി 30 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. മംഗലാപുരം സ്വദേശിനി ബീന എന്ന ഹസീന(50)യെ ആണ് കളമശ്ശേരിയിൽ വെച്ച് പിടികൂടിയത്. വളർത്താൻ വാങ്ങിയ നാലര വയസ്സുള്ള പെൺകുട്ടിയെ കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജിൽ വെച്ചു പ്രതിയും കാമുകനും ചേർന്ന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. 1991 ലായിരുന്നു സംഭവം.

ഇത് സംബന്ധിച്ച് മെഡിക്കൽകോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിഞ്ഞത്. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ശേഷം ഒളിവിൽ പോയ ഇരുവരേയും സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.

പ്രതി മൂന്നാർ ഭാഗത്ത് താമസമുണ്ടെന്നും, ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളമശ്ശേരിയിൽ എത്തുമെന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ എ വി ജോണിന്റെ നിർദ്ദേശ പ്രകാരം ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീഹരി, എസ് ഐ മാരായ ബിജു ആന്റണി, അബ്ദുൾ സലിം, സീനിയർ സിപിഒ സജേഷ് കുമാർ. സി പി ഒമാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

മംഗലാപുരം സ്വദേശിയായ ഗണേശ് (54) ആണ് കൂട്ടുപ്രതി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇരുവരും വേർ പിരിഞ്ഞു. ശേഷം ബീന എന്ന ഹസീന ഇടുക്കിയിൽ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.