- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടിഎം തട്ടിപ്പ്: വടകരയിൽ രണ്ടു പേർ അറസ്റ്റിൽ; മുഖ്യ പ്രതികൾ ഉത്തരേന്ത്യൻ സ്വദേശികൾ; 25 ഓളം പേരുടെ അക്കൗണ്ടുകളിൽ നിന്നായി നഷ്ടപ്പെട്ടത് 5,10,000 രൂപ
കോഴിക്കോട്: എടിഎം കൗണ്ടറുകൾ വഴി നിരവധി പേരുടെ പണം നഷ്ടപ്പെട്ട സംഭവത്തിൽ രണ്ടു പ്രതികൾ വടകരയിൽ അറസ്റ്റിലായി. വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറെ കണ്ടിയിൽ ജുബൈർ(33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി ഷിബിൻ എം കെ(23) എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.എ ശ്രീനിവാസിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദേശീയ പാതയിലെ ഐ ടി എന്ന സ്ഥാപനത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.
മുഖ്യ പ്രതികൾ ഉത്തരേന്ത്യൻ സ്വദേശികളായ മൂന്ന് പേരാണ്. ഇവർക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി ഡിവൈഎസ്‌പി മൂസ്സ വള്ളിക്കാടൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 23 മുതൽ വടകര മേഖലയിൽ നിന്നും 25 ഓളം പേരുടെ അക്കൗണ്ടുകളിൽ നിന്നായി 5,10,000 രൂപയാണ് എടിഎം വഴി നഷ്ടപ്പെട്ടത്.മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പലരും പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേ തുടർന്ന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലും, എ ടി എം കൗണ്ടറുകളിൽ സൈബർ സെല്ലി നേതൃത്വത്തിൽ നടത്തിയ പരിശോധനയിലുമാണ് പ്രതികളെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.
പ്രതികളുടെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോൺ, രണ്ട് ലാപ്ടോപ്പു കൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യൻ സ്വദേശികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ഫെബ്രവരി 10 മുതൽ 16 വരെ വടകരയിലെ എസ്‌ബിഐ, പിഎൻബി എടിഎം കൗണ്ടറുകളിൽ നിന്നും ഇടപാട് നടത്തിയവർ പിൻ നമ്പർ പെട്ടെന്ന് തന്നെ മാറ്റണമെന്ന് പൊലീസ് അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ ജീവനക്കാരുടെ ശമ്പളം ഉൾപ്പടെയുള്ളവ അക്കൗണ്ടുകളിൽ എത്തുന്നതിനാലാണ് പൊലീസിന്റെ പ്രത്യേക അറിയിപ്പ് നൽകുന്നത്. പ്രതികളേയും കൊണ്ട് ഇവരുടെ സ്ഥാപനത്തിലും വീടുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തിൽ സിഐ കെ എസ് സുശാന്ത്, എസ്‌ഐ കെ എ ഷറഫുദ്ദീൻ, ജൂനിയർ എസ്‌ഐ പ്രദീപ്, എസ്‌ഐ നിഖിൽ, സിപിഒ സിജേഷ്, പ്രദീപൻ, റിഥേഷ്, ഷിനിൽ, പി ടി സജിത്ത്, ഷിരാജ്, സൈബർ സെൽ എക്‌സ്‌പെർട്ട് സരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.