പാലാ: എങ്ങനെയും ഒഴിവാക്കണമെന്ന ചിന്തയായിരുന്നു സന്തോഷിന്റെ മനസ്സിൽ. അമ്മാവൻ സന്തോഷ് എന്ന് നാട്ടുകാർ വിളിക്കുന്ന 61 കാരൻ ഇന്ന് പിടിയിലായത് ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ. പാലായ്ക്കു സമീപം വെള്ളിയേപ്പള്ളിയിൽ ഏഴാം തീയതി വെളുപ്പിനായിരുന്നു സംഭവം. പാലാ കടപ്പാട്ടൂർ പുറ്റു മഠത്തിൽ സന്തോഷ് കരുതിയത് യുവതി തലയ്ക്കടിയേറ്റ് മരിച്ചുവെന്നാണ്. അതുകൊണ്ട് തന്നെ ദൃശ്യം മോഡലിൽ തെളിവ് നശിപ്പിക്കാൻ യുവതിയുടെ മൊബൈൽ മീനച്ചിലാറ്റിലേക്ക് എറിയുകയും ചെയ്തു.

സംഭവം ഇങ്ങനെ:

ഏറ്റുമാനൂർ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വർഷമായി പാലാ വെള്ളിയേപള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ്. പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കെഎസ്ആർടിസി യിൽ നിന്നും ഡ്രൈവർ ആയി വിരമിച്ച സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പരിചയമുണ്ടായിരുന്നു.

തീർത്ഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിൽ ആണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷമായി യുവതിയും സന്തോഷുമായി അടുപ്പത്തിലായി. ഇതോടെ സന്തോഷിനു ഒപ്പം ഒരുമിച്ചു ജീവിക്കണം എന്നുമായി. ഈമാസം ആറിന് യുവതിയും സന്തോഷും ഒന്നിച്ച് അർത്തുങ്കലും മറ്റും പോയി. യുവതിയെ വൈകുന്നേരത്തോടു കൂടി വീട്ടിൽ എത്തിക്കുകയും ചെയ്തു. പിന്നേറ്റ് പുലർച്ചെ ഒളിച്ചോടാനായിരുന്നു യുവതിയുടെ പ്ലാൻ. എന്നാൽ, ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷിന്റെ മനസ് ഇളകിമറിഞ്ഞു. യുവതിയെ എങ്ങനെ ഒഴിവാക്കണമെന്നായി ആലോചന. ഒടുവിൽ അങ്ങനെ തീരുമാനിച്ചു.

മുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴാം തീയതി വെളുപ്പിന് നാല് മണിയോടെ ബന്ധുവിന്റെ സാൻട്രോ കാറുമായി വീട്ടിൽ നിന്നും എടുത്ത ഇരുമ്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റർ അടുത്തെത്തി കാത്തുകിടന്നു. നാലേമുക്കാൽ മണിയോടുകൂടി സന്തോഷ് സ്ഥലത്തെത്തി എന്ന് ഫോൺ വിളിച്ചു ഉറപ്പിച്ച് യുവതി വീട്ടിൽ നിന്നും ഇറങ്ങി വരികയും സന്തോഷിന് അടുത്ത് എത്തിയ സമയം കയ്യിൽ കരുതിയിരുന്ന ഇരുമ്പു പാരയുമായി യുവതിയെ ആക്രമിക്കുകയും ആയിരുന്നു.

അടികിട്ടിയ യുവതി പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്ന് പലതവണ തലയ്ക്കടിച്ച് യുവതി മരിച്ചു എന്ന് കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച ശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ മൊബൈൽ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു. തുടർന്നു പതിവുപോലെ പാലാ ടൗണിൽ ഓട്ടോയുമായി എത്തി സന്തോഷ് ഓടിച്ചു വരികയായിരുന്നു.ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് പാരയും പൊലീസ് കണ്ടെടുത്തു

സംഭവത്തെത്തുടർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്‌പി പ്രഫുല്ല ചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ SHO സുനിൽ തോമസ്, പ്രിൻസിപ്പൽ എസ് ഐ ശ്യാംകുമാർ കെ എസ്, എസ് ഐ തോമസ് സേവ്യർ, എ എസ് ഐ ഷാജിമോൻ AT, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കെ എസ്, അരുൺ ചന്ത്,ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. യുവതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.