മലപ്പുറം: കോവിഡ് ബാധിതയായ 16കാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. പരപ്പനങ്ങാടി കുപ്പാച്ചൻ നാഫില (28)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 നവംബർ 19ന് രാത്രിയാണ് സംഭവം. നെടുവ ജി എച്ച് എസ് സ്‌കൂളിൽ സജ്ജീകരിച്ച കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടതായിരുന്നു ദളിത് വിവാഹത്തിൽപ്പെട്ട 16കാരി.

രാത്രി പെൺകുട്ടിയെ സമീപിച്ച യുവതി മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ച് നൽകുകയും സഭ്യേതരമായി സംസാരിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് താനൂർ ഡിവൈഎസ്‌പി എം ഐ ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം മദ്രസാ വിദ്യാർത്ഥിനിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയും മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് പുളിങ്കടവ് എടവങ്കാരൻ കുഞ്ഞിമൊയ്തീൻ (54)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2021 മാർച്ച് മൂന്നിന് രാവിലെയാണ് സംഭവം.

12 കാരിക്ക് മദ്രസ പരിസരത്ത് വെച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. മാർച്ച് എട്ടിന് അറസ്റ്റിലായ പ്രതി മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിൽ റിമാന്റിലാണ്. കാളികാവ് പൊലീസാണ് കേസന്വേഷിക്കുന്നത്.