- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിക്കടി കാറുകൾ മാറും; അത്യാഡംബര ജീവിതം; ആരെയും മയക്കുന്ന സംസാരവും; കശുവണ്ടി കമ്പനിയിൽ പങ്കാളി ആക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചന; പാട്ടത്തിന് നൽകിയ സ്ഥലം പണയപ്പെടുത്തി ഒരുകോടിയുടെ ബാധ്യത തലയിൽ കെട്ടിവച്ച് മുങ്ങി; കോതമംഗലത്ത് തട്ടിപ്പുവീരനെതിരെ യുവവ്യവസായി
കോതമംഗലം: കശുവണ്ടി കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് അടുത്തുകൂടി 1 കോടി രുപ ബാധ്യതക്കാരനാക്കി മുങ്ങിയ തട്ടിപ്പുവീരനെതിരെ യുവവ്യവസായി. ഇയാളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും 27 മുതൽ പൊലീസ് സ്റ്റേഷനുമുന്നിൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് ചെറുവട്ടൂർ മിൽട്ടൺ കാഷ്യൂസിന്റെ പങ്കാളി ചെറുവട്ടൂർ രാജേഷ് നിലയിത്തിൽ കോതമംഗലത്ത് പറഞ്ഞു.
മൂവാറ്റുപുഴ വാഴക്കുളം ചുരുളി ഊമ്പക്കാട്ട് എന്ന മേൽവിലാസത്തിൽ അറിയപ്പെടുന്നതും ഇപ്പോൾ കീരംപാറ കുരിശും മുടി ഭാഗത്ത് ഇരുനിലകെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചുവരുന്നതുമായ ജിന്റോ വർക്കിക്കെതിരെയാണ് പരാതി. നടപടിയെടുക്കാൻ പൊലീസ് തയ്യാറാവത്തിൽ പ്രതിഷേധിച്ചാണ് രാജേഷ് പൊലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം ഇരിക്കുന്നത്.
രോഗിയായ ഭാര്യയും മാതാവും രണ്ടുകൂട്ടികളും താനും സ്റ്റേഷനുമുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് കാണിച്ച് രാജേഷ് പൊലീസിലും വിവരം നൽകിയിട്ടുണ്ട്. തന്റെ വീടിനടുത്തുള്ള ബന്ധുമുഖേനയാണ് ജിന്റോ വർക്കിയെ താൻ പരിചയപ്പെടുന്നത്. ഇടവക വികാരിയെന്ന് പരിചയപ്പെടുത്തി ജിന്റോ, ജോസ് അമ്പലമുകളേൽ എന്ന വൈദികനെ വിളിച്ചുകൊണ്ടുവന്നു. ഇദ്ദേഹത്തെക്കൂടി വിശ്വാസത്തിലെടുത്താണ് കശുവണ്ടി കമ്പനി തുടങ്ങാൻ സ്ഥലം പാട്ടത്തിന് നൽകിയതും പ്രവർത്തനങ്ങളുമായി സഹകരിച്ചതെന്നും രാജേഷ് വ്യക്തമാക്കി.
ദിവസേന കാറുകൾ മാറുന്ന, അത്യാ ഢംമ്പരപൂർണമായ ജിന്റോയുടെ ശൈലി കണ്ട് വിശ്വസിച്ചും, വൈദികന്റെ ഉറപ്പിലുമാണ് സ്ഥലം പണയപ്പെടുത്തി ലോൺ എടുക്കാൻ സമ്മതിച്ചത്. തുക മൂന്നുവർഷം കൊണ്ട് അടച്ചുതീർത്ത് ഭൂമി സ്വതന്ത്രമാക്കാമെന്നേറ്റിരുന്ന ജിന്റോ ഇപ്പോൾ കമ്പനി ഉപേക്ഷിച്ച് ബാധ്യത തന്റെ തലയിൽ കെട്ടിവച്ച് മുങ്ങുകയായിരുന്നെന്നാണ് രാജേഷ് ആരോപിക്കുന്നത്.
40 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ട്. ഇതുകൂടാതെ വായ്പയായി പലരിൽ നിന്നും വൻതുകകളും വാങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കൃത്രിമരേഖകൾ ചമച്ച് രണ്ട് വാഹനങ്ങളും ഇയാൾ എടുത്തിട്ടുണ്ട്. ഈ ബാദ്ധ്യതകളെല്ലാം ഇപ്പോൾ താൻ തീർക്കേണ്ട അവസ്ഥയിലാണ്. കമ്പനിയിൽ മിഷ്യനുകൾ സ്ഥാപിച്ചതിലും ജിന്റോ തട്ടിപ്പു നടത്തി.10 ലക്ഷം രൂപയുടേതെന്ന് വിശ്വസിപ്പിച്ച് സ്ഥാപിച്ച ഉപകരണങ്ങളെല്ലാം ഗുണനിലവാരമില്ലാത്തതും പഴക്കം ചെന്നവയുമായിരുന്നു.
ആകെ മൂന്നുമാസമാണ് കമ്പനി പ്രവർത്തിച്ചത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന വാടക എഗ്രിമെന്റും ലൈസൻസും ഇയാൾ എടുത്തു കൊണ്ടുപോകുകയും ചെയ്തിരുന്നു. ബാങ്കിൽ നിന്നും അറിയിപ്പുകൾ വന്നുതുടങ്ങിയതോടെയാണ് വായ്പാ തിരിച്ചടവ് നടന്നിട്ടില്ലെന്ന് വ്യക്തമായത്. ഈ വിവരങ്ങളെല്ലാം കാണിച്ച് റൂറൽ എസ് പി അടക്കമുള്ളവർക്ക് പരാതി നൽകി.
അന്വേഷിക്കുന്നുണ്ടെന്നും ആൾ നാട്ടിലില്ലന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ ഇയാൾ വീട്ടിൽ തന്നെയുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം, രാജേഷ് പറഞ്ഞു. ഇപ്പോൾ ആകെയുള്ള സ്ഥലം ജപ്തിയുടെ വക്കിലാണ്. ഞങ്ങൾ ആത്മഹത്യയുടെ വക്കിലാണ്. എല്ലാം കൂടി ഒരു കോടിയോളം രൂപയുടെ ബാധ്യതയുണ്ട്. പൊലീസ് ഇടപെട്ടാൽ ഈ ദുരിത ജീവിതത്തിന് ഒരു പരിധിവരെ ആശ്വസമാവും, രാജേഷ് ചൂണ്ടിക്കാട്ടി.
ജിന്റോ പലസ്ഥലത്തും ഇത്തരത്തിൽ തട്ടിപ്പുനടത്തിയതായി ഇതിനകം മനസ്സിലായി. ഇക്കാര്യം പരാതികളിൽ സൂചിപ്പിച്ചിരുന്നെങ്കിലും പൊലീസ് കാര്യമായി എടുത്തില്ല. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസിനെ അറയിച്ച ശേഷം സ്റ്റേഷനുമുന്നിൽ സത്യാഗ്രഹത്തിന് തയ്യാറെടുക്കുന്നതെന്നും രാജേഷ് പറഞ്ഞു.