തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് നാലു യുവാക്കൾ ഭീഷണിപ്പെടുത്തിയതിലും അപകീർത്തിപ്പെടുത്തിയതിലും വച്ചുള്ള മനോവിഷമത്താൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം ആറാം ജില്ലാ സെഷൻസ് കോടതി തള്ളി. ആരോപണം ഗൗരവമേറിയതിനാൽ അന്വേഷത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് കാട്ടിയാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.

ആനാവൂർ കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷര (36) യാണ് കൈ ഞരമ്പ് മുറിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിച്ചത്. ആത്മഹത്യ പ്രേരണ കേസിൽ ഒളിവിൽ കഴിയുന്ന ഒന്നു മുതൽ നാലുവരെ പ്രതികളായ വെള്ളറട കുന്നത്തുകാൽ ചാവടി സ്ഥലവാസികളായ മണികണ്ഠൻ എന്ന ശ്രീജിത്ത് , സുബാഷ് , വിഷ്ണു , രഞ്ജിത് എന്ന ശ്രീജിത് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികളിലാണ് കോടതി ഉത്തരവ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജിയാണ് ജഡ്ജി കെ.എൻ.അജിത് കുമാർ തള്ളിയത്.

ഫെബ്രുവരി 18 വ്യാഴാഴ്ച രാത്രിയിലാണ് നാടിനെ ദുഃഖത്തിലാഴ്‌ത്തിയ സംഭവം നടന്നത്. നാറാണിയിലെ ടെക്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു അക്ഷര. സമീപത്ത് പണമിടപാട് സ്ഥാപനം നടത്തുന്ന പരശുവയ്ക്കൽ സ്വദേശി ബിജു യുവതിയുടെ ഭർത്താവിന് കടം നൽകിയ പണം വാങ്ങാനായി വീട്ടിൽ വന്നപ്പോൾ പരിസരവാസികളായ പ്രതികൾ സദാചാര പൊലീസ് ചമഞ്ഞ് അയാളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. അക്ഷരയെയും അവർ ഭീഷണിപ്പെടുത്തി. ഭീഷണിയിലും അപകീർത്തിപ്പെടുത്തലിലും മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാത്രിയിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. യുവതിക്ക് രണ്ടു മക്കളുണ്ട്.പണമിടപാട് സ്ഥാപന ഉടമയെ അന്യായമായി തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയ പരാതിയിലും വീട്ടമ്മയുടെ മരണത്തെത്തുടർന്നുള്ള ബന്ധുക്കളുടെ പരാതിയിലുമാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 306 പ്രകാരം ജാമ്യമില്ലാ കേസെടുക്കുകയായിരുന്നു