തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് 3500 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ എരുത്താവൂർ ദേശത്ത് ചപ്പാത്ത് സരള ഭവനിൽ സുരേഷ് കുമാറിന്റെ(54) വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തു. പുകയില ഉൽപന്നങ്ങൾക്ക് വിപണിയിൽ 25 ലക്ഷം രൂപ വിലവരും.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ മുകേഷ് കുമാർ ടി ആർ മധുസൂദനൻ നായർ പ്രിവന്റീവ് ഓഫീസർ ഹരികുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, രഞ്ജിത്ത്,ബിജു, ശ്രീലാൽ, വിപിൻ, ജിതീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു