കോഴിക്കോട്: കഴിഞ്ഞ ഏപ്രിൽ മൂന്നിന് കോഴിക്കോട് കല്ലായിലെ സ്വർണ്ണവ്യാപാരിയുടെ ഫ്‌ളാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങ് (24) നെ ആണ് മുംബൈയിൽ വെച്ച് അറസ്റ്റു ചെയ്തത്. കേസിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജിന്റെ നിർദ്ദേശ പ്രകാരം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ എ വി ജോണിന്റെ കീഴിൽ കസബ ഇൻസ്‌പെക്ടർ യു ഷാജഹാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഗോവ, രാജസ്ഥാൻ, മുംബെ എന്നിവിടങ്ങളിൽ ദിവസങ്ങളോളം താമസിച്ച് നടത്തിയ അന്വേഷണത്തിൽ മുംബൈയിൽ വച്ച് രാജസ്ഥാൻ സ്വദേശികളായ പങ്കജ് സിങ്ങ് , ജിതേന്ദ്രർ സിങ്ങ് ഏപ്രിൽ 23 ന് അറസ്റ്റ് ചെയ്തിരുന്നു. നഷ്ട്ടപ്പെട്ട സ്വർണ്ണത്തിന്റെ മുക്കാൽ ഭാഗത്തോളം ഇവരിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ബാക്കിയുള്ള സ്വർണ്ണാഭരണങ്ങളും മറ്റ് പ്രതിയെയും കണ്ടെത്തുക എന്നത് പൊലീസിന് വലിയ വെല്ലുവിളി ആയിരുന്നു. തുടർന്ന് അന്വേഷണ സംഘം വീണ്ടും മുബൈയിലേക്ക് പുറപ്പെടുകയും ദിവസങ്ങളോളം മുബൈയിൽ തങ്ങി വേഷം മാറി ചേരി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അതി സാഹസികമായാണ് കൂട്ടു പ്രതിയായ രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങിനെ (24 വയസ്സ് ) അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 170 ഗ്രാമോളം സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു. പ്രതി കവർച്ചക്ക് ശേഷം മാറി മാറി സുഖവാസ കേന്ദ്രങ്ങളിലും രാജകീയ ഹോട്ടലുകളിലും താമസിച്ച് പൊലീസിന്റെ ശ്രദ്ധ തിരിച്ച് വിടാൻ ശ്രമം നടത്തി. ഇതെല്ലാം മനസിലാക്കി പൊലീസ് മുബൈയിലെ ഗോരേഖാവ് എന്ന സ്ഥലത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ കസബ ഇൻസ്‌പെക്ടർ യു കെ ഷാജഹാൻ,എ എസ് ഐ മാരായ മുഹമ്മദ് ഷാഫി,സജി എം , എസ് സി പി ഒ മാരായ രഞ്ജീഷ് , ശിവദാസൻ സി, രതീഷ് , ഷറീന, സിന്ധു എന്നിവരും ഉണ്ടായിരുന്നു.