നീലേശ്വരം : കാറിലും, ഓട്ടോറിക്ഷയിലുമായി കടത്തിയ കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി. നീലേശ്വരം റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ.കലേശനും സംഘവും ചേർന്നാണ് മദ്യവും സ്വിഫ്റ്റ് കാറിൽ നിന്ന് ഒരു ലക്ഷം രൂപയും പിടിച്ചെടുത്തത് .
ഇന്നലെ രാത്രി ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ നമ്പർ പതിക്കാത്ത വെളുത്ത മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 129.6 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശമദ്യവും കെ എൽ 60 ഇ 2392 നമ്പർ ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 60.8 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശമദ്യവുമാണ് എക്‌സൈസ് സംഘം പിടികൂടിയത്.

കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് നിട്ടടുക്കത്തെ സ്വപ്ന നിവാസിൽ ബാലകൃഷ്ണൻ മകൻ കെ ബാബുരാജ് (27), ഓട്ടോറിക്ഷ ഓടിച്ച ചെറുവത്തൂർ മാച്ചിപ്പുറം വീട്ടിൽ യു. കൃഷ്ണൻ, എ.വി. രാജേഷ് ( 39) എന്നിവരെ നീലേശ്വരം എക്‌സൈസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന നിട്ടടുക്കത്തെ ഗോപാലകൃഷ്ണൻ മകൻ വി. നന്ദകിഷോർ ( 27) ഓടി രക്ഷപ്പെട്ടു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഷാദ് പി, മഞ്ജുനാഥൻ വി, ചാൾസ് ജോസ്, ശ്യാംജിത്ത്, രാഹുൽ എന്നിവർ ഉണ്ടായിരുന്നു.

അതേസമയം മദ്യം പിടികൂടിയതോടെ എക്‌സൈസ് ഉദ്യഗസ്ഥരെ താറടിച്ചു കാണിക്കുവാൻ പുതിയ തന്ത്രവുമായി പ്രതികൾ രംഗത്തെത്തി .പിടികൂടിയ വാഹനത്തിൽ 1,60,000 രൂപ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ ഒരു ലക്ഷം മാത്രമാണ് എക്‌സൈസ് രേഖപെടുത്തിയിട്ടുള്ളതാന്നും ഓട്ടോ റിക്ഷയിൽ കൊണ്ട് വന്ന മദ്യം തന്റെ കാറിലേക്ക് മാറ്റി കേസിൽ കുടുക്കുകയായിരുന്നു എന്നാണ് പ്രതി ബാബുരാജ് പറയുന്നത്.

എന്നാൽ മദ്യവുമായി കടന്നു വന്ന കാറിൽ നിന്നും എക്‌സൈസ് സംഘത്തെ കണ്ടപ്പോൾ ഡ്രൈവർ ഓടി രക്ഷപെട്ടന്നും മദ്യം പിടികൂടുമ്പോൾ പ്രദശവാസികൾ ഇതിന് സാക്ഷികളണെന്നും എക്‌സൈസ് വ്യക്തമാക്കി. എക്‌സൈസ് ഉദ്യഗസ്ഥരെ താറടിച്ചു കാണിച്ച് കേസിൽ ആശയക്കുഴപ്പം ഉണ്ടാക്കാ നുള്ള ശ്രമമാണ് പ്രതികളിൽ നിന്നും ഉണ്ടായിരിക്കുന്നത്. പ്രതികൾ ഇന്ന് രാവിലെയാണ് നിരവധി മാധ്യമങ്ങൾക്ക് ആരോപണം ഉന്നയിച്ചു വാട്ട്‌സപ്പ് സന്ദേശം അയച്ചത് .