- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പിൾ വലിച്ച് ഗുണനിലവാരം ബോധ്യപ്പെട്ടാൽ മാത്രം സ്റ്റഫ് വാങ്ങും; ആന്ധ്രയിലെ ഉൾവനത്തിൽ കഞ്ചാവ് വാങ്ങാൻ പോയ വിവരം ചോർന്നതോടെ നോർത്തിൽ ഇറങ്ങിയപ്പോഴേ പിടിവീണു; ആറ് കിലോ കഞ്ചാവുമായി ശങ്കരനാരായണസ്വാമി എക്സൈസ് കസ്റ്റഡിയിൽ
കൊച്ചി: കാത്തുകാത്തിരുന്ന് ഒരു കഞ്ചാവ് വേട്ട. ഒരാഴ്ച മുമ്പേ ആന്ധ്രയിലേക്ക് കഞ്ചാവ് വാങ്ങാൻ പോയ ആളുടെ രഹസ്യവിവരം കിട്ടിതയതോടെ കാത്തിരുന്ന് പ്രതിയെ പിടികൂടിയതിന്റെ ആഹ്ലാദത്തിലാണ് കൊച്ചി എക്‌സൈസ്. ഇന്ന് രാവിലെ 10 മണിയോടുത്താണ് തമിഴ്‌നാട് സംസ്ഥാനത്ത് കടലൂർ ജില്ലയിൽ തിട്ടകുടി താലൂക്കിൽ പാളയം വില്ലേജിൽ അക്കന്നൂർദേശത്ത് 75 മെയിൻ റോഡ് ശങ്കരനാരായണ സ്വാമിയെ(43) കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുന്നത്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇയാൾ ആന്ധ്രയിൽ നിന്നും തിരിച്ചെത്തുന്നതും കാത്തിരിക്കുകയായിരുന്നു എക്സൈസ് സംഘം.ഇയാൾ കഞ്ചാവ് വാങ്ങാൻ ആന്ധ്രയിലേക്ക് പോയ വിവരം സി ഐ അൻവർ സാദത്തിന് ഒരാഴ്ചമുമ്പ് ലഭിച്ചിരുന്നു. ഇതിനുപിന്നാലെ നിരീക്ഷണം ഊർജിതമാക്കിയിരുന്നു.റെയിവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ചായിരുന്നു കൂടുതലും തിരച്ചിൽ.ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിൽ സ്വാമി നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയതായി വിവരം കിട്ടി. ഇതെത്തുടർന്ന് തിരച്ചിൽ ഊർജ്ജിതമാക്കി. ഇതോടെയാണ് രാവിലെ 9.50 തോടെ എറണാകുളം നോർത്ത് എം ഐ ഷാനവാസ് റോഡിൽനിന്നും ഇയാൾ പിടിയിലാവുന്നത്.5.580 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു.
മീൻപിടുത്തം നിലച്ചതിനാൽ വരുമാനം തിരിച്ചറിഞ്ഞ് കഞ്ചാവ് വിൽപ്പനയിലേയ്ക്ക് കടക്കുകയായിരുന്നെന്നും ആന്ധ്രയിലെ വിൽപ്പന സ്ഥലത്തെത്തി സാമ്പിൾ വലിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെട്ടാണ് സ്റ്റഫ് വാങ്ങിയിരുന്നതെന്നും കൊച്ചിയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായ തമിഴ്ബ്രാഹ്മണൻ.
എറണാകുളം സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടറുടെ ഷാഡോ ടീമംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ റെനി എം, അനസ് എന്നിവർ നടത്തിവന്നിരുന്ന രഹസ്യനീക്കത്തിലൂടെയാണ് ശങ്കരനാരായണ സ്വാമിയുടെ കഞ്ചാവുവിൽപ്പനയും വാങ്ങലും സംബന്ധിച്ച വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചത്.
ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഒരു മൊബൈൽ ഫോണും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.18,000 രൂപയ്ക്കാണ് ആന്ധ്രയിൽനിന്നും രണ്ടുദിവസം മുമ്പ് കഞ്ചാവ് വാങ്ങിയതെന്നും ആന്ധ്രയിൽ കഞ്ചാവ് വിൽക്കുന്ന സംഘത്തെപറ്റി തമിഴ്‌നാട് തിരുവണ്ണാമല ശിവക്ഷേത്രത്തിനുസമീപമുള്ള സ്വാമി എന്ന് വിളിപ്പേരുള്ള ആളാണ് വിവരം നൽകിയതെന്നും ഇയാൾ നൽകിയ വിവരങ്ങൾ പ്രകാരം ആന്ധ്രയിൽ ഉൾവനത്തിൽ നിന്നും കഞ്ചാവ് വാങ്ങി മടങ്ങുകയായിരുന്നെന്നുമാണ് ശങ്കരനാരായണസ്വാമി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുള്ളതെന്ന് ഉദ്യഗസ്ഥസംഘം വ്യക്തമാക്കി.
18000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് 1,30,000 ആയിരം രൂപയ്ക്കാണ് കേരളത്തിൽ കൊണ്ടുവന്ന്,എറണാകുളം നോർത്ത്, തൃക്കാക്കര , കടവന്ത്ര എന്നീ സ്ഥലങ്ങളി ൽ വിൽപ്പന നടത്തിയിരുന്നത്.ലോക് ഡൗണിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ കഞ്ചാവിനും മറ്റു മയക്കുമരുന്നുകൾക്കും നല്ല ഡിമാൻഡാണ്.മുൻപ് ഒരു 500 രൂപയ്ക്ക് വിറ്റിരുന്ന ഏതാനും ഗ്രാമുകൾ മാത്രം വരുന്ന ഒരു പൊതി കഞ്ചാവ് ഇപ്പോൾ 700 രൂപയ്ക്കും 1000 രൂപയ്ക്കുമൊക്കെയാണ് സ്വാമി വിറ്റിരുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചും ഇയാൾ ഇവിടെ കഞ്ചാവ് കച്ചവടം നടത്തിയിരുന്നു.ഒരു പൊതി കഞ്ചാവ് വിൽക്കുമ്പോൾ 100 രൂപയാണ് കമ്മീഷൻ നൽകിയിരുന്നത്.ലോക്ഡൗൺ ആയതുകൊണ്ട് ട്രെയിനുകൾ ഇല്ലാത്തത് കാരണം കഞ്ചാവ് ആന്ധ്രയിൽ നിന്നും വിശാഖപട്ടണത്ത് നിന്നും വരുന്നത് കുറവായിരുന്നു.ഇതുകൊണ്ടുതന്നെ കേരളത്തിൽ ആവശ്യക്കാർ കൂടിയിരുന്നു..ഇത് മുതലെടുത്താണ് സ്വാമി നേരിട്ട് കഞ്ചാവ് എത്തിക്കാൻ രംഗത്തിറങ്ങിയത്.
വീടുവിട്ട് കൊച്ചിയിൽ തമ്പടിച്ചിരുന്ന സ്വാമി എറണാകുളം ജില്ലയിലെ വിവിധഭാഗങ്ങളിലും കൊല്ലം കാവനാട്ടിലും മീൻ പിടുത്തക്കാർക്കൊപ്പം ജോലി ചെയ്തിരുന്നു.കോവിഡ് ലോക്ഡൗൺ നിലവിൽ വന്നതോടെ മീൻപിടുത്തം നിലച്ചു.ഇതോടെയാണ് സ്വാമി കഞ്ചാവ് വിൽപ്പനയിലേയ്ക്ക് തിരിഞ്ഞത്.പിടിയിലാവുന്നതിന് മുമ്പുള്ള നീക്കം വിജയിച്ചത് ഇയാൾക്ക് നല്ല രീതിയിൽ ആത്മവിശ്വാസം പകർന്നിരുന്നു.ഇത് രണ്ടാംവട്ടമാണ് താൻ ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിയിക്കുന്നതെന്നാണ് സ്വാമി എക്സൈസ് സംഘത്തിനുനൽകിയ മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആന്ധ്രയിൽ നക്സലൈറ്റുകളുടെ പ്രധാന വരുമാന മാർഗമാണ് കഞ്ചാവ് കൃഷിയും വിൽപ്പനയും.അവിടെ കിലോയ്ക്ക് 3000 രൂപ വിലയ്ക്കുവരെ കഞ്ചാവ് ലഭിക്കും.വിൽപ്പനക്കാരുടെ ആളുകൾ ആശ്യക്കാരെ ബൈക്കിലെത്തി,വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.കിലോമീറ്ററോളം സഞ്ചരിച്ചാണ് ഉൾവനത്തിലെ വിൽപ്പന കേന്ദ്രങ്ങളിലെത്താനാവു.അവിടെ എത്തിയാൽ ആദ്യം സാമ്പിൾ നൽകും.അത് വലിച്ചു ഗുണ നിലവാരം ഉറപ്പാക്കാം.തുടർന്നാണ് വില നിശ്ചയിക്കലും കച്ചവടവും.ഗുണനിലവാരത്തിനനുസരിച്ച് വിലയും വർദ്ധിക്കും.
ആന്ധ്രയിലെ ചിന്താപള്ളി ബസ്റ്റാൻഡിൽ എത്തിയാൽ ഏജന്റുമാർ സമീപിക്കും.അവർക്ക് കമ്മീഷൻ നൽകിയാൽ കഞ്ചാവ് ലഭിക്കുന്ന കേന്ദ്രങ്ങളിലെത്താം.ആന്ധ്രയിലെ 5 ചെക്ക് പോസ്റ്റ് കടന്നാണ് സ്വാമി കഞ്ചാവ് കേരളത്തിലെത്തിച്ചത്.ആന്ധ്ര മുതൽ സേലം വരെ ബസിലായിരുന്നു യാത്ര.ബസിലെ കണ്ടക്ടർ ബാഗിൽ കഞ്ചാവുണ്ടെന്നുള്ള സംശയത്തിൽ ചോദ്യം ചെയ്തപ്പോൾ 500 രൂപ നൽകി തടിയൂരി.എറണാകുളം നോർത്തിൽ ട്രെയിനിറങ്ങിയാൽ രക്ഷാപെടാമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് എക്സൈസ് സംഘത്തിന്റെ രംഗപ്രവേശം.
സ്വാമിക്ക് തമിഴ്‌നാട്ടിൽ ഭാര്യയും രണ്ട് ആൺകുട്ടികളും ഉണ്ട്.ഭാര്യ പെരുമ്പള്ളൂരിൽ നേഴ്സായി ജോലി ചെയ്യുന്നു.മക്കൾ പഠിക്കുകയാണ്.പണം അയക്കാറുണ്ടെങ്കിലും വർഷങ്ങളായി താൻ വീട്ടിലേയ്ക്ക് പോയിട്ടില്ലന്നാണ് സ്വാമിയുടെ വെളിപ്പെടുത്തൽ
സി ഐ അൻവർ സാദത്തിനൊപ്പം പ്രിവന്റീവ് ഓഫീസർ റ്റി എം വിനോദ് സിഇഒമാരായ അനസ്, റെനി, ദീപു തോമസ് ,ജെയിംസ് എന്നിവരും അന്വേഷണ സംഘത്തിലുൾപ്പെട്ടിരുന്നു.കോടയിൽ ഹാജരാക്കി.റിമാന്റുചെയ്തു.
മറുനാടന് മലയാളി ലേഖകന്.