മുവാറ്റുപുഴ: കീച്ചേരിപടിയിൽ ഓൺലൈൻഷോപ്പ് നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശിയുടെ പണം പിടിച്ചുപറിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മുവാറ്റുപുഴ കുര്യന്മല ഭാഗത്ത് കടാതി പാലത്തിങ്കൽ പുത്തൻപുര വീട്ടിൽ നൈസാബ് (20) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. അതിഥിതൊഴിലാളികളെ ലക്ഷ്യം വച്ച് മണി ട്രാൻസ്ഫർ, ടിക്കറ്റ് ബുക്കിംങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഫ്രണ്ട്‌സ് ഓൺലൈൻഷോപ്പിന്റെ നടത്തിപ്പുകാരനായ പശ്ചിമബംഗാൾ സ്വദേശി കട അടച്ച് പുറത്ത് ഇറങ്ങുന്ന സമയം ഇയാളുടെ കൈവശമുണ്ടായിരുന്ന പണം പിടിച്ചുപറിച്ച് സ്‌കൂട്ടറിൽ രക്ഷപെടുകയായിരുന്നു ഇയാൾ.

പരാതി കിട്ടി നിമിഷങ്ങൾക്കകം പ്രദേശത്തെ സിസിടിവി ക്യാമറ ഉൾപ്പടെ പരിശോധന നടത്തി ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൈസാബിനെയും നഷ്ടപെട്ട പണവും ഇതിനായി ഉപയോഗിച്ച സ്‌കൂട്ടർ അടക്കം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ എസ്‌ഐ വി.കെ.ശശികുമാർ, എഎസ്ഐ മാരായ രാജേഷ്.സി.എം, പി.സി.ജയകുമാർ, സീനിയർ സിപിഒ അഗസ്റ്റിൻ ജോസഫ്, കെ.എസ്.ഷനിൽ എന്നിവരാണ് ഉണ്ടായിരുന്നത്.