പെരുമ്പാവൂർ: പട്ടിമറ്റം നെല്ലാട് ആര്യാ ഇന്റർ നാഷണൽ ബാർ ഹോട്ടലിൽ സംഘം ചേർന്ന് ആക്രമണം നടത്തിയ കേസ്സിൽ അഞ്ച് പേരെ കുന്നത്തുനാട് പൊലീസ് പിടികൂടി. നെല്ലാട് സ്വദേശികളായ കാരിക്കാക്കുഴിയിൽ വീട്ടിൽ അനന്തു (24), പാർപ്പനാൽ വീട്ടിൽ അരുൺ (21), കൂറ്റൻ പാറയിൽ വീട് ഡാനി (21), കാരിക്കാക്കുഴിയിൽ വീട് അജിത്ത് (24) എന്നിവരും വാളകം കുന്നക്കാൽ മണിയിരിയിൽ വീട് സോനു (23) വുമാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്.

ഏപ്രിൽ ആറിന് രാത്രി ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ആക്രമണം നടത്തുകയായിരുന്നു. സ്റ്റാഫുകളെ മർദ്ദിച്ച വിവരം അറിഞ്ഞ് ബാറിലെത്തി ആക്രമണം തടയാൻ ശ്രമിച്ച മാനേജിങ് ഡയറക്ടർ പ്രദീപിനെ ഇവർ പട്ടിക കൊണ്ട് അടിച്ച് തലക്കും കൈക്കും മാരകമായ പരിക്കേൽപ്പിക്കുകയും ചെയ്തു.

ഒളിവിൽ കഴിഞ്ഞ പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം പാലക്കാട്, നെല്ലാട് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. പെരുമ്പാവൂർ ഡി.വൈ.എസ്‌പി എൻ.ആർജയരാജ്, കുന്നത്തുനാട് ഇൻസ്‌പെക്ടർ സി.ബിനുകുമാർ എസ്‌ഐ മാരായ ലെബിമോൻ, എബി ജോർജ്ജ്, റ്റി.സി.ജോണി, എഎസ്ഐ എം.എ.സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ.അബ്ദുൾമനാഫ്, റ്റി.എ.അഫ്‌സൽ, പി.എം.നിഷാദ്, ആർ.അജിത്ത്, കെ.എം.ഷിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.