ആലുവ : അതിഥി തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും തിരിച്ചറിയൽ രേഖകളും കവർന്ന കേസിൽ നാല് പേർ പൊലീസ് പിടിയിൽ.കരുമാലൂർ മറിയപ്പടി വലിയപറമ്പിൽ വീട്ടിൽ (ഇപ്പോൾ മാറമ്പിള്ളി ഗവ: യു.പി സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന) സാജൻ (ആനക്കാരൻ സാജൻ 37), ചിറ്റാറ്റുകര ജാറപ്പടി തോപ്പിൽ കമ്പിവേലിക്കകം വീട്ടിൽ സംഗീത് (33), മാറമ്പിള്ളി ഗവ: യു.പി സ്‌കൂളിനു സമീപം പുള്ളോർകുഴി വീട്ടിൽ ബിനു (39), ആലുവ മാർക്കറ്റിന് സമീപം ഇലഞ്ഞിക്കായിൽ ഫ്‌ളാറ്റിൽ കണ്ടത്തിൽ വീട്ടിൽ റിയാസ് (27) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെ കാസിനോ തീയറ്ററിനു സമീപമാണ് സംഭവം നടന്നത്. ഒഡിഷാ സ്വദേശിയായ ബബ്ലു ലാൽ താമസ സ്ഥലത്തേക്കു പോകുമ്പോഴായിരുന്നു സംഘം തടഞ്ഞു നിർത്തി കുത്തി വീഴ്‌ത്തിയശേഷം കവർച്ച നടത്തിയത്. അന്വഷണ സംഘത്തിൽ എസ്‌ഐ മാരായ ആർ.വിനോദ്, പി.സുരേഷ്, വിപിൻ ചന്ദ്രൻ , ഏ.എസ്‌ഐ മാരായ സോജി , ഷാജി, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, മാഹിൻ ഷാ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.