മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ട ഭർത്താവ് പിടിയിൽ. മദ്യപിച്ചെത്തി ഭാര്യയേയും മക്കളേയും ഭാര്യാമാതാവിനേയും റോഡിലേക്കിറക്കി വിട്ട സംഭവത്തിൽ ഭർത്താവ് തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പൻ ഷമീറിനെ വണ്ടൂർ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

21 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇറക്കിവിട്ടത് ഇയാൾ രാത്രിയിൽ ഇറക്കിവിട്ടത്.സ്ഥിരം മദ്യപാനിയായ ഷമീർ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ട് റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു. നാലു മക്കളിൽ മുത്ത കുട്ടിക്ക് 4 വയസും, രണ്ടാമത്തെ കുട്ടിക്ക് ഒന്നരവയസും പ്രസവിച്ച് 21 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളുമാണുള്ളത്. 50 വയസുള്ള ഭാര്യ മാതാവിനേയും ഇവർക്കൊപ്പം ഇറക്കിവിട്ടു.

രാത്രി 10 മണിയോടെ റോഡിലേക്കിറങ്ങിയ ഇവർ ആശാ പ്രവർത്തകരേ വിളിക്കുകയായിരുന്നു. തുടർന്ന് വാർഡംഗം കെ. പി ഭാസ്‌ക്കരന്റെ നേതൃത്വത്തിൽ മലപ്പുറം സ്നേഹിതയിലേക്ക് മാറ്റി. ഭാര്യയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പ്രതിവീട്ടിലെത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. സ്ത്രീകൾക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കൽ, കുട്ടികൾക്കെതിരായ പീഠനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.