ഗോരഖ്പുർ: ഉത്തർപ്രദേശിൽ അമ്മ 50,000 രൂപയ്ക്കു വിറ്റ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തി. മകനെ തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു സ്ത്രീക്ക് കുഞ്ഞിനെ കൈമാറിയതെന്ന് കണ്ടെത്തിയത്. പരാതി കെട്ടിച്ചമച്ചതാണെന്ന് ബോദ്ധ്യപ്പെട്ടു.

ഗോരഖ്പൂരിലെ ഇലാഹിബാഗിൽ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സൽമ ഖാട്ടൂൺ എന്ന യുവതിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസിൽ പരാതിപ്പെട്ടത്. ചുവന്ന സാരിയുടുത്ത സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്തശേഷം എസ്.യു.വിയിൽ കടന്നുകളഞ്ഞതായി അവർ പൊലീസിനോടു പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടർ സോനം കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി കുട്ടിക്കായി തിരച്ചിൽനടത്തി.

'ഖാട്ടൂൺ ഇടയ്ക്ക് മൊഴി മാറ്റി. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവർ കുഞ്ഞിനെ മറ്റൊരു സ്ത്രീയ്ക്കു കൈമാറിയതായി കണ്ടെത്തി. ആ സ്ത്രീ ഇ-റിക്ഷയിൽ പോകുന്ന ദൃശ്യങ്ങളും കിട്ടി. ദൃശ്യങ്ങൾ പിന്തുടർന്ന പൊലീസ് ഹുമയുൺപുർ റോഡിനു സമീപം കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു'-എസ്‌പി. പറഞ്ഞു.

ആക്രി സാധനങ്ങൾ പെറുക്കുന്നതാണ് കുഞ്ഞിന്റെ അച്ഛന്റെ ജോലി. കുടുംബത്തിലെ പട്ടിണിയാണ് ഖാട്ടൂണിനെ കുഞ്ഞിനെ വിൽക്കാൻ നിർബന്ധിതയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷമേ കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

എന്നാൽ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ഖാട്ടൂൺ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അച്ഛനറിയാതെയാണ് അമ്മ കുഞ്ഞിനെ വിറ്റതെന്നും കുഞ്ഞിനെ അന്വേഷിച്ചപ്പോൾ തട്ടിക്കൊണ്ടുപോയ കഥയുണ്ടാക്കുകയായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു.