കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയായ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ധീൻ എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കൊയിലാണ്ടി സ്വദേശിയായ അഷ്‌റഫിനെ രണ്ട് ദിവസം മുൻപാണ് അക്രമികൾ തട്ടിക്കൊണ്ടുപോകുന്നത്. താൻ ക്യാരിയറായി പ്രവർത്തിച്ചിരുന്നെന്നും അതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നും അഷ്‌റഫ് പൊലീസിന് മൊഴി നൽകിയിരുന്നു.

ക്രൂര പീഡനങ്ങളാണ് അഷ്റഫ് അക്രമിസംഘത്തിൽ നിന്നും നേരിട്ടത്. കൊയിലാണ്ടി ഊരള്ളൂരിൽ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഇയാളെ ഇവിടെ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു എന്നാണ് വിവരം. ഇയാളെ മാവൂരിലെ ഒരു മരമില്ലിൽ ആണ് ഇന്നലെ മുഴുവൻ തടവിൽ വച്ചത് എന്നാണ് റിപ്പോർട്ട്.

അതേസമയം, അക്രമി സംഘത്തിൽ നിന്നും കൊടിയ പീഡനമാണ് അഷറഫ് നേരിട്ടതെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അഷറഫിന്റെ ഇടത് കാൽ ഒടിഞ്ഞ നിലയിലാണ്, ശരീരത്തിൽ ബ്ലേഡുകൊണ്ട് കീറുമുറിച്ചിട്ടുമുണ്ട്. മർദനമേറ്റതിന്റെ പാടുകളും ഇയാളുടെ ശരീരത്തിലുള്ളത്. പരിക്കേറ്റ അഷറഫ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കെ വീണ്ടും തട്ടിക്കൊണ്ട് റിപ്പോർട്ട് ചെയ്തതെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അഷറഫിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പൊലീസിനെ സമീപിച്ചത്. അടുത്തിടെ വിദേശത്ത് നിന്നും നാട്ടിലെത്തിയ വ്യക്തിയായിരുന്നു അഷറഫ്. നേരത്തെ സ്വർണക്കടത്തുമായി അഷറഫിന് ബന്ധമുണ്ടായിരുന്നതിനാൽ സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയ ആണെന്ന് തന്നെ ആ്യിരുന്നു പൊലീസ് നിഗമനം.

അഷറഫ് സ്വർണം കൊണ്ടുവന്നിരുന്നു എന്നും ഇതുകൊടുവള്ളിയിൽ എത്തിച്ചില്ലെന്ന ഭീഷണി ഉയർത്തി തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നുമായിരുന്നു സഹോദരന്റെ പരാതി. അഷറഫിന്റെ സഹോദരൻ സിദ്ദീഖാണ് പരാതിയുമായി കൊയിലാണ്ടി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ വടകര റൂറൽ എസ്‌പി യുടെ നിർദേശപ്രകാരം ഡിവൈഎസ്‌പി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് അഷറഫിനെ കണ്ടെത്തിയത്.