- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലഡ് പ്രഷർ കൂടിയതിനാൽ അൽപം വെള്ളം ചോദിച്ച മാന്യനെ സംശയം തോന്നിയില്ല; വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് കവർന്നത് പണവും ആഭരണങ്ങളും; വില്ലനായി മാറിയ 'മാന്യനെ' മണിക്കൂറുകൾക്കകം കാർ ചെയ്സിലൂടെ സാഹസികമായി പിടികൂടി പൊലീസ്; കോതമംഗലത്തെ നാടകീയ സംഭവം ഇങ്ങനെ
കോതമംഗലം: വീട്ടിൽ വെള്ളം ചോദിച്ചെത്തി, വീട്ടമ്മയെ ആക്രമിച്ച, പണവും സ്വർണ്ണവുമായി കടന്ന യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് സാഹസികമായി പിടികൂടി. കോട്ടയം, മരിയത്തുരുത്ത് ശരവണവിലാസത്തിൽ ഗിരീഷ് (35) നെയാണ് പൊലീസ് വിടാതെ പിന്തുടർന്ന് പിടികൂടിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
കല്ലൂർക്കാട് തഴുവൻ കുന്ന് ഭാഗത്തെ ജൂവലറിയുടമയുടെ വീട്ടിൽ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. മെഡിക്കൽ റെപ്പാണെന്നും പ്രഷർ കൂടിയതിനാൽ അൽപ്പം വെള്ളം വേണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് ഇവരുടെ വീട്ടിൽ എത്തുകയായിരുന്നു. മാന്യമായ വേഷം ധരിച്ചെത്തിയ യുവാവിനെക്കണ്ട് വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല.
അകത്തേക്കു പോയ വീട്ടമ്മയെ പിന്തുടർന്നെത്തിയ യുവാവ് കത്തി കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആഭരണങ്ങൾ ഊരി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മുഖം പൊത്തിപ്പിടിച്ച ശേഷമായിരുന്നു ഗിരീഷ് വീട്ടമ്മയ്ക്കു നേരെ ആക്രമണവും ഭീഷണിപ്പെടുത്തലും ആരംഭിച്ചത്. പിടിവലി ശക്തിപ്പെട്ടപ്പോൾ വീട്ടമ്മ നിലത്തുവീണു. തുടർന്ന് വീട്ടിൽ അലമാരിയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കൈക്കലാക്കി. പോകാൻ നേരം വീട്ടമ്മയുടെ കൈയിൽ കത്തിക്ക് വരഞ്ഞു.
തുടർന്ന് ഇവിടെ നിന്നും ഇയാൾ വാഹനത്തിൽ സ്ഥലം വിട്ടു. അൽപസമയത്തിനു ശേഷം സമനില വീണ്ടെടുത്ത വീട്ടമ്മ കൈയിലെ മുറിവ് തുണി കൊണ്ട് കെട്ടിയ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. ഉടൻ ഓട്ടോയിൽ ഭർത്താവ് വീട്ടിലെത്തി. ഓട്ടോ റിക്ഷാ ഡ്രൈവർ ഉടൻ വിവരങ്ങൾ കല്ലൂർക്കാട് പൊലീസിന് കൈമാറി. തുടർന്ന് കല്ലൂർക്കാട് എസ്.എച്ച്. ഒ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വീട്ടമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചുവന്ന കാറിൽ ഒറ്റയ്ക്കാണ് മോഷ്ടാവ് സ്ഥലത്തെത്തിയതെന്ന് വിവരം ലഭിച്ചു.
ജില്ലയിലേക്ക് മുഴുവൻ മെസേജ് പാസ് ചെയ്തു. തുടർന്ന് പോത്താനിക്കാട് ഭാഗത്തേക്ക് കാർ പോയെന്നറിഞ്ഞ് പോത്താനിക്കാട് എസ്.എസ്.ഒ. നോബിൾ മാനുവലിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം കാറിനെ പിന്തുടർന്നു. തുടർന്ന് സിനിമാ ചെയ്‌സിനെ വെല്ലുന്ന രീതിയിൽ കാർ പിന്തുടർന്ന് മണിക്കൂറുകൾക്കും സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ മാരായ കെ.ജെ.പീറ്റർ, നോബിൾ മാനുവൽ, എസ്‌ഐമാരായ ടി.എം സൂഫി, രാജു, എഎസ്ഐ സജി, എസ്.സി.പി.ഒ മാരായ ജിമ്മോൻ ജോർജ്, ബിനോയി പൗലോസ്, രതീശൻ രാജു എം ബി , സജി വി സി , രതീശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് അഭിനന്ദിച്ചു.170000 (ഒരു ലക്ഷത്തി എഴുപതിനായിരം രൂപ) രൂപയോളം വിലമതിക്കുന്ന ആഭരണങ്ങൾ ഗിരീഷിന്റെ കൈയിൽ നിന്നും കണ്ടെടുത്തു. വീട്ടമ്മയുടെ കൈയിൽ 8 തുന്നിക്കെട്ടുകളുണ്ട്.
മറുനാടന് മലയാളി ലേഖകന്.