കൂത്താട്ടുകുളം: മുളന്തുരുത്തി പെരുമ്പിള്ളിയിൽ വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയും, പിതാവിനെ ഗുരുതരമായി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടിൽ മിഥുൻ(25), മണകുന്നം വില്ലേജ് ഉദയംപേരൂർ പണ്ടാരപ്പാട്ടത്തിൽ ശരത്(27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടിൽ അതുൽ സുധാകരൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി മുളന്തുരുത്തി പെരുമ്പിള്ളി ഈച്ചരവേലിൽ മത്തായിയുടെ വീട്ടിൽ പ്രതികൾ അതിക്രമിച്ചുകയറി ജോജി മത്തായിയെ കുത്തി കൊലപ്പെടുത്തുകയും പിതാവ് മത്തായിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

പ്രതികളുടെ സുഹൃത്തിനെതിരെ ജോജി മത്തായി ഫേസ്‌ബുക്ക് വഴി മോശം പരാമർശം നടത്തിയതിലുള്ള വിരോധത്തിലാണ് കൊല നടത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. പരിക്കേറ്റ മത്തായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്‌പി അജയ് നാഥ്, മുളന്തുരുത്തി പൊലീസ് ഇൻസ്‌പെക്ടർ കെ എം മുഹമ്മദ് നിസാർ എസ്‌ഐ.മാരായ ഇ.വി രാജു, ജിജോമോൻ തോമസ്, റ്റി.കെ കൃഷ്ണകുമാർ, എഎസ്ഐ ജോസ് കെ ഫിലിപ്പ് സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, ഹരീഷ് സിവിൽ പൊലീസ് ഓഫീസർ സന്ദീപ് എന്നിവർ ചേർന്നാണ് പിടികൂടിയത്. മറ്റു പ്രതികൾ ഉടൻ പിടിയിലാക്കുമെന്ന് എസ്‌പി കെ. കാർത്തിക് പറഞ്ഞു.