കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് അദ്ധ്യാപികയുടെ പടന്നക്കാട്ടെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച നടത്തിയ കുപ്രസിദ്ധ അന്തർ ജില്ല കവർച്ചക്കാരൻ പൊലീസ് പിടിയിൽ. കണ്ണൂർ കക്കാട് അത്താഴക്കുന്ന് പുല്ലുപ്പിയിലെ കൊയിലേരിയൻ പ്രവീൺ (42) നെയാണ് പിടികൂടിയത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്‌പി. ഡോ.വി.ബാലകൃഷ്ണൻ നായർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി.ഷൈനും സംഘവുമാണ് പ്രതിയെ അകത്താക്കിയത്. കോഴിക്കോട്, കണ്ണൂർ ടൗൺ, കാസർകോട് ജില്ലകളിൽ ആറോളം കവർച്ച കേസുകളിലെ പ്രതിയാണ് പ്രവീൺ.

മഴക്കാലത്ത് കാഞ്ഞങ്ങാട് കവർച്ച പരമ്പര തന്നെ അരങ്ങേറിയിരുന്നു. സ്വകാര്യ ആവശ്യത്തിനായി മംഗലാപുരത്തേക്ക് വീടും പൂട്ടി പോയ അദ്ധ്യാപിക പടന്നക്കാട് കൊച്ചാലിലെ റീജയുടെ വീടിന്റെ മുൻ വശത്തെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഇക്കഴിഞ്ഞ മുപ്പത്തിയൊന്നിന് പുലർച്ചെയായിരുന്നു മോഷണം.

വീട്ടിലെ നിരീക്ഷണ ക്യാമറ തകർത്ത മോഷ്ടാവ് ഡി.വി.ആറും സി പി.ഒ യും കടത്തികൊണ്ടു പോയി. രാവിലെ അയൽവാസികളാണ് വീട്ടിൽ മോഷണം നടന്നത് കണ്ടത്. തുടർന്ന് അദ്ധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. അദ്ധ്യാപികയുടെ ബന്ധു യു എം.സതീശന്റെ പരാതിയിൽ കേസെടുത്ത് അന്വഷിച്ചു വരുകയായിരുന്നു.

ഇതിനിടയിലാണ് പ്രതി വീണ്ടും മോഷണത്തിന് ഇറങ്ങിയത്. ഹൊസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ കെ. പി.ഷൈനിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗിനിടെ സംശയകരമായി കാഞ്ഞങ്ങാട് ടൗണിൽ പ്രവീണിനെ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. ഇതിനിടയിലാണ് ഡി.വൈ.എസ്‌പി. ഡോ.വി.ബാലകൃഷ്ണൻ നായർക്ക് പ്രതിയെ കുറിച്ച് ചില വിവരങ്ങൾ ലഭിച്ചത്. തടർന്നുള്ള ചോദ്യം ചെയ്യലിലാണ് അത് വരെ പിടിച്ചു നിന്ന പ്രതി മോഷണ വിവരം പറഞ്ഞത് .

കാസർകൊട് നമ്പ്യാരടുക്കത്ത് ഭാര്യ വീട്ടിൽ താമസിക്കുന്നുവെന്ന വ്യാജേനയാണ് കവർച്ച. തൊണ്ടി മുതലുകൾ ഒളിപ്പിച്ചു വെച്ച് സ്ഥലവും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും