തൃശ്ശൂർ: മീൻപിടുത്തം പഠിക്കാൻ ആഗ്രഹിച്ച് തന്നെ സമീക്കുന്നവർക്ക് ആദ്യം സൗജന്യമായി കഞ്ചാവുനൽകും. ലഹരിക്കടിമകളായി എന്നുകണ്ടാൽ സൗജന്യവിതരണം നിർത്തി പണം വാങ്ങിത്തുടങ്ങും.സ്ഥിരം കസ്റ്റമേഴ്സ് ലിസ്റ്റിൽ യുവതികളടക്കം നിരവധിപേർ. മീൻപിടുത്തത്തിനെന്ന പേരിൽ ആൾക്കൂട്ടം രൂപപ്പെട്ടതോടെ എക്സൈസ് സംഘം ജാഗരൂകരായി. ദിവസങ്ങൾക്കുള്ളിൽ വേറിട്ടമാർഗ്ഗത്തിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന യൂട്ഊബർ വലയിൽ.

ഇന്നലെയാണ് തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനനും പാർട്ടിയും ചേർന്ന് യൂട്യൂബറായ പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ്( 32)എന്ന സാമ്പാർ സനൂപിനെ ഒന്നരകിലോ കഞ്ചാവുമായി പിടികൂടിയത്. ഫിഷിങ് ഗഡീസ് എന്നപേരിൽ ഒരുമാസം മുമ്പ് തുടങ്ങിയ യൂട്യൂബ് ചാനലിന്റെ മറവിലാണ് സനൂപ് കഞ്ചാവ് വിൽപ്പന വിപുലീകരിച്ചതെന്നാണ് എക്സൈസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ചാനലിൽ മീൻപിടുത്തത്തെക്കുറിച്ചുള്ള ഏതാനും വീഡിയോകൾ സനൂപ് അപ്ലോഡ് ചെയ്തിട്ടുണ്ട്്. 244 പേരാണ് സബ്ബ്സ്സ്‌ക്രൈബേഴ്സ് ആയിട്ടുണ്ടെന്നാണ് കാണുന്നത്. കൂടുതലും വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ്. വീഡിയോകൾ കണ്ട് മീൻപിടുത്തം പഠിക്കാൻ താൽപര്യപ്പെട്ടുവന്നവരാണ് സനൂപിന്റെ 'ഇര'കൾ.

ആദ്യം ഇവരെ കഞ്ചാവ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും സൗജന്യമായി കഞ്ചാവ് നൽകുകയുമാണ് സനൂപിന്റെ രീതി. ഇവർ ലഹരിക്ക് അടമകളായി എന്നുകണ്ടാൽ സനൂപിന്റെ രീതി മാറും. വൻതുക നൽകിയാൽ മാത്രമെ ഇപ്പോൾ കഞ്ചാവ് ലഭിക്കുന്നുള്ളു എന്നും അതിനാൽ പണം നൽകാതെ' സാധനം 'നൽകാനാവില്ലന്നും ഇയാൾ കസ്റ്റമേഴ്സിനോട് വ്യക്തമാക്കും.

ഇതോടെ പണം നൽകി കഞ്ചാവ് വാങ്ങാൻ ഇവർ നിർബന്ധിതരാവും.ഇത്തരത്തിൽ കഞ്ചാവ് വിൽപ്പന നടത്തി സാമാന്യം ഭേദപ്പെട്ട തുക ഇയാൾ സമ്പാദിച്ചതായിട്ടാണ് എക്സൈസ് അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മണലിപുഴയിലെ കൈനൂർ ചിറപ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തിയാണ് സനൂപ് താൽപര്യക്കാർക്ക് മീൻപിടുത്തത്തിൽ പരിശീലനം നൽകിയിരുന്നത്.

ഇതിനായി പതിനായിരക്കണക്കിന് രൂപ വിലയുള്ള 10 ഓളം ചൂണ്ടകൾ ഇയാൾ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായ ഉണ്ടാക്കിയ ഫിഷിങ് കിറ്റും ഉപയോഗിച്ചായിരുന്നു. ചെറിയ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് 500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തി വന്നിരുന്നത്. പോലൂക്കര, മൂർക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളുടെ വലയത്തിലായതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.

ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുന്നതിനും കൗൺസിലിങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകുന്നതിനും നടപടികൾ എടുക്കുന്നതാണെന്ന് എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദനൻ ടി. ആർ അറിയിച്ചു.

അസി.എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു ,പ്രിവന്റീവ് ഓഫീസർമാരായ സജീവ് കെ എം ,ടി.ആർ സുനിൽ കുമാർ ,രാജേഷ് ,രാജു, ഡ്രൈവർ റഫീക്ക് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.