ആലുവ : പുതിയവീട് നിർമ്മിച്ച് നൽകിയ ശേഷം അധിക സ്‌ക്വയർ ഫീറ്റുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. തൃശൂർ ആമ്പല്ലൂർ മണലി ഇടച്ചേരിപ്പറമ്പിൽ ബ്രിഘോഷ് ഗോപാലകൃഷ്ണൻ (41) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. പറവൂർ കവല സ്വദേശി അനിൽ കുമാറിന് വീട് നിർമ്മിച്ചു നൽകിയാണ് കബളിപ്പിക്കൽ നടത്തിയത്.

ബ്രിഘോഷിന്റെ ഉടമസ്ഥതയിലുള്ള കാരിയോൺ ബിൽറ്റ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം ഗവൺമെന്റ് അംഗികാരമുള്ളതാണെന്ന് വ്യാജമായി പറഞ്ഞാണ് നിർമ്മാണം ആരംഭിക്കുന്നത്. പണി പൂർത്തിയായി കഴിഞ്ഞപ്പോൾ 5000 സ്‌ക്വയർ ഫീറ്റ് ഉണ്ടെന്ന് പറഞ്ഞ് ഒരു കോടി പതിനാല് ലക്ഷത്തോളം രൂപ ഉടമയിൽ നിന്ന് കൈപ്പറ്റി.

എന്നാൽ ഉടമ വീട് അളന്നു നോക്കിയപ്പോൾ 4350 സ്‌ക്വയർ ഫീറ്റേ ഉള്ളുവെന്നും ഇതുവഴി 43 ലക്ഷത്തോളം ഇയാൾ തട്ടിച്ചുവെന്നും കാണിച്ചാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ബ്രിഘോഷിനെ ബാംഗ്ലൂരിൽ നിന്ന് അറസറ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്. ഒ സി.എൽ. സുധീർ, എസ്‌ഐമാരായ ആർ. വിനോദ്, എസ്.രാജേഷ്‌കുമാർ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.