മലപ്പുറം : ബിറ്റ് കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ട് ഓഗസ്റ്റ് 28 ന് രണ്ടു വർഷം പൂർത്തിയാകുകയാണ്. മലപ്പുറം സ്വദേശിയായ അബ്ദുൾ ഷുക്കൂർ എന്ന യുവാവാണ് ക്രൂരപീഡനത്തിനും മർദ്ദനത്തിനുമൊടുവിൽ 2019 ഓഗസ്റ്റ് 28 ന് കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്തിയവർ മലയാളികൾ തന്നെ ആണെന്നാണ് പൊലീസ് അന്ന് വ്യക്തമാക്കിയത്. കൊലപ്പെടുത്തിയ അബ്ദുൾ ഷൂക്കൂറിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ഇയാളെ മരിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത് .

ബിറ്റ്‌കോയിൻ ഇടപാടുകളുമായി സജീവമായിരുന്നു അബ്ദുൾ ഷുക്കൂർ.ബിറ്റിജാക്‌സ് ഡോട്ട് ബിറ്റിസി(bitjax.BTC), ബിറ്റിസി ഡോട്ട് ബിറ്റ് ഡോട്ട് ഷുക്കൂർ (BTC.bit.shukoor)എന്ന പേരിലായിരുന്നു ഇയാളുടെ ഇടപാടുകൾ നടന്നിരുന്നത്. 458 കോടിയുടെ ബിറ്റ്‌കോയിൻ ഇടപാട് യുവാവ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടത്തിയത്. ബിറ്റ്‌കോയിൻ മൂല്യം തകർന്നതും ഷുക്കൂർ പുതുതായി ബിറ്റ്‌ജെജെക്‌സ് മണി ട്രേഡിങ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങിയതും ഇവർ ശത്രുക്കളാവാൻ കാരണമായി. കണക്കുകൾ ശരിയാക്കാനെന്ന് പറഞ്ഞ് 2019 ജൂലൈ 12നാണ് ഷുക്കൂറിനെ ഡെറാഡൂണിലേക്ക് കൊണ്ടുപോയത്.

തുടർന്നുള്ള ദിവസങ്ങളിൽ ഏൽക്കേണ്ടി വന്ന പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. പ്രതികളിൽ നാലു പേർ ഷുക്കൂറുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ബിസിനസ്സ് പങ്കാളികളാണ്. ബിസിനസിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെ ബിസിനസ് തകർച്ച നേരിട്ടതിന് പിന്നാലെ നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. നിക്ഷേപകരിൽ നിന്നുള്ള സമ്മർദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒൻപതു പേരും ഡെറാഡൂണിൽ വിദ്യാർത്ഥിയായ യാസിന്റെ അടുക്കലേക്കു പോവുകയായിരുന്നു.

ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽ നിന്നു നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ഷുക്കൂർ പങ്കാളികളോട് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കോടികൾ വിലയുള്ള ബിറ്റ്‌കോയിൻ ഷുക്കൂറിന്റെ പക്കലുണ്ടെന്നും പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു സുഹൃത്തുക്കൾ വിശ്വസിച്ചത്.

പാസ്‌വേഡ് കണ്ടെത്താനായാണ് പങ്കാളികൾ മർദ്ദനമാരഭിച്ചതെന്നാണ് നിഗമനം. കസേരയോട് ചേർത്ത് കെട്ടിയിട്ട് ക്രൂരമായി മർദിച്ചു . മർദ്ദനം തുടർന്നിട്ടും ബിറ്റ്‌കോയിൻ അക്കൗണ്ട് ലഭിക്കാതെ വരികയും ഷുക്കൂറിന്റെ ആരോഗ്യ നില മോശമായതോടെ ഇവർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഷുക്കൂർ മരിച്ചതായി പറഞ്ഞതോടെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെ പാർക്കിങ്ങിലെ വാഹനത്തിൽ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നുവെന്ന് ഡെറാഡൂൺ സിറ്റി പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു .

ആശുപത്രി അധികൃതരിൽനിന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഷുക്കൂറിന്റെ മൃതദേഹത്തിൽ നിന്ന് കേരളത്തിലെ മേൽവിലാസം ലഭിച്ചു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്കാണ് ഡെറാഡൂൺ പൊലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചവരുടെ വിവരം ലഭിച്ചത്.

ഫാരിസ് മംനൂൻ, അരവിന്ദ്, ആസിഫ് അലി, സുഹൈൽ മുഖ്താർ, അഫ്താബ് എന്നിവരെ ഡെറാഡൂൺ പൊലീസ് സംഭവ ദിവസംതന്നെ പിടികൂടിയിരുന്നു. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും മുഖ്യമന്ത്രി, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. ഏതാനും ആഴ്ചകൾക്ക് ശേഷം മുൻകൂർ ജാമ്യത്തിനായെത്തിയ മുഖ്യ പ്രതിയെന്ന് പറയുന്ന മഞ്ചേരി സ്വദേശി ആഷിഖിനെയും ശേഷം മറ്റു പ്രതികളായ ഷിഹാബ്, അർഷാദ്, മുനീഫ്, യാസിൻ എന്നിവരെയും പൊലീസ് പിടികൂടുകയായിരുന്നു. അതെ സമയം ബിറ്റ്‌കോയിൻ രൂപത്തിൽ ഇപ്പോഴും കേരളത്തിൽ തട്ടിപ്പ് തുടരുകയാണ് . ബിടിസി ഗ്ലോബൽ, ബിടിസി സ്പാർ മോറിസ് കോയിൻ എം സി ടി എസ് നയണ് തുടങ്ങി നിരവധി ഓൺലൈൻ തട്ടിപ്പുകൾ പുറത്തു വന്നിട്ടും മലയാളികൾ അടുത്ത തട്ടിപ്പിന്ന് ഇരയാകാൻ കാത്തിരിക്കുകയാണ്