കോഴിക്കോട്: വാഹന ഷോറൂമിൽ സർവ്വീസിന് നൽകിയ ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടയിൽ മുഖ്യപ്രതി പിടിയിലായി. കാസർകോട് പെരിയഡുക്ക സ്വദേശി ഷിരി ബാഗിലു അൻസാറിനെ(25)യാണ് വടകര സി ഐ, കെ കെ ബിജു, എസ് ഐ, എം നിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെ വടകര കൈനാട്ടി എയ്‌സ് മോട്ടോർസിന്റെ പൂട്ട് പൊട്ടിച്ച് രണ്ട് ബൈക്കുകൾ കവർച്ച നടത്തിയിരുന്നു. ഇതിൽ മോഷണം നടത്തിയ കെ എൽ 57 ബി 5876 ബൈക്കുമായി കോഴിക്കോട്ടേക്ക് പോകുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി വടകര പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള സിഗ്‌നൽ പോസ്റ്റിൽ വെച്ച് പ്രതി പിടിയിലാകുന്നത്.

നാലംഗ സംഘം കാറിൽ എത്തിയാണ് മോഷണം നടത്തിയത്. കാസർകോട് ജില്ലയിൽ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് കബളിപ്പിച്ചതിന് പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷ്ടിച്ച മുതലുകൾ കൂടുതലായാൽ കോഴിക്കോട് എത്തിച്ച് പൊളിച്ചു മാറ്റിയ ശേഷം കോയമ്പത്തൂരിലേക്ക് വിൽപ്പനയ്ക്ക് കൊണ്ട് പോകും. ഇതിൽ നിന്നും ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാൻ ഉപയോഗിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ് ഐ വിഷ്ണു, എ എസ് ഐ ഗിരീഷ്, എ എസ് ഐ മാരായ കെ ഷിനിൽ, പി വി വിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.