- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപോത്ത് വേട്ട: ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ; മൂവരും വനപാലകരെ വേട്ടനായ്ക്കളെ ഉപയോഗിച്ച് ആക്രമിച്ചവർ; ജാമ്യം നേടി ഒളിവിൽ പോയത് തെളിവെടുപ്പ് പൂർത്തിയാകും മുമ്പേ
കോഴിക്കോട്: കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ. ഉൾവനത്തിൽ നിന്നും കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി ഉണക്കി പൂവാറംതോട് പന്നി ഫാമിൽ വെച്ച് പങ്കിട്ടെടുക്കുന്നതിനിടയിൽ പിടികൂടാനെത്തിയ വനപാലകരെ വേട്ടനായ്ക്കളെ ഉപയോഗിച്ചു ആക്രമിച്ച കേസിലെ മുഖ്യ പ്രതികളും ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഒളിവിൽ കഴിഞ്ഞിരുന്നവരുമായ പാവാറംതോട് കാക്യാനിയിൽ ജിൽസൻ ജോസഫ്(33) കയ്യാലക്കകത്ത് വിനോജ് (33), ആലയിൽ മഞ്ഞക്കടവ് ജയ്‌സൻ (54) എന്നിവരെയാണ് താമരശ്ശേരി റെയിഞ്ച് ഓഫീസർ എം കെ രാജീവ് കുമാറും സംഘവും തിരുവമ്പാടി ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 21 ന് ഹൈക്കോടതി ഉത്തരവ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി റെയിഞ്ച് ഓഫീസർ മുമ്പാകെ ഹാജരായ പ്രതികൾ തെളിവെടുപ്പ് പൂർത്തിയാകും മുമ്പേ ജാമ്യം നേടി ഒളിവിൽ പോകുകയായിരുന്നു.
കോഴിക്കോട് ജില്ലാ കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജില്ലാ കോടതിയുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരി വെക്കുകയായിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി റെയിഞ്ച് ഓഫീസർ മുമ്പാകെ കീഴടങ്ങാതെ പ്രതികൾ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഒളിവിൽ പോകുകയായിരുന്നു.
ഒളിവിൽ കഴിയുന്ന സ്ഥലം തിരിച്ചറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടുമെന്നറിഞ്ഞു ഒളിവു സങ്കേതം മാറാനുള്ള ശ്രമത്തിനിടയിലാണ് പ്രതികൾ തിരുവമ്പാടി ഭാഗത്ത് വച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും പിടിയിലാവുന്നത്. പ്രതികളെ താമരശ്ശേരി ജെ എഫ് സി എം രണ്ടാം കോടതി റിമാൻഡ് ചെയ്തു സബ് ജയിലിൽ അയച്ചു. പ്രതികളെ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് താമരശ്ശേരി റെയിഞ്ച് ഓഫീസർ എം കെ രാജീവ് കുമാർ അറിയിച്ചു. പ്രതികളെ പിടികൂടിയ സംഘത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ കെ സജീവ്കുമാർ, കെ മണി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി ആനന്ദരാജ്, സന്ദീപ് എസ് ബി ഡ്രൈവർ ജിതേഷ് എന്നിവർ ഉണ്ടായിരുന്നു
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.