മട്ടന്നൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. മട്ടന്നൂർ ഏളക്കുഴി വാഴയിൽ പറമ്പിൽ വി.കെ. മെഹബൂബിന്റെ ഓട്ടോയാണ് പൂർണമായും കത്തിനശിച്ചത്. തലശേരി ടൗണിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോ ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. തിങ്കളാഴ്‌ച്ച പുലർച്ചെ ഒന്നരയോടെയാണ് ഓട്ടോ കത്തുന്നത് കണ്ടത്.

തീ കെടുത്തുമ്പോഴേക്കും ഓട്ടോ പൂർണമായും കത്തിനശിച്ചിരുന്നു. മെഹബൂബ് ഓടിക്കുന്ന ഓട്ടോകൾക്ക് നേരെ മൂന്നാം തവണയാണ് അക്രമമുണ്ടാകുന്നത്. ആറ് വർഷം മുമ്പ് തലശേരിയിലെ തിയറ്ററിന് സമീപം നിർത്തിയിട്ട മറ്റൊരു ഓട്ടോറിക്ഷ കത്തിക്കുകയും തിങ്കളാഴ്‌ച്ച കത്തിയ ഓട്ടോറിക്ഷ രണ്ടു വർഷം മുമ്പ് വീട്ടുമുറ്റത്ത് നിർത്തിയിട്ടപ്പോൾ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തതായി പറയുന്നു. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഉടമയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.