കോഴിക്കോട്: മോഷ്ടിച്ച ടിപ്പർ ലോറിയുമായി നഗരത്തിൽ അതിവേഗത്തിൽ സഞ്ചരിച്ച യുവാക്കൾ ഭീതി പരത്തി. അമിത വേഗത്തിൽ പോയ വാഹനത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് അമിത വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഏഴ് വാഹനങ്ങളാണ് ടിപ്പർ ഇടിച്ചിട്ടത്. ഒടുവിൽ രണ്ടുപേരെയും എലത്തൂർ പൊലീസ് പിടികൂടി.

സംഭവത്തിൽ കാപ്പാട് കണ്ണൻകടവ് പടിഞ്ഞാറെ ഉമ്മർ കണ്ടി അബാസ് ( 20), പണിക്കർ റോഡ് നാലുകോടി നിതീഷ് ( 22) എന്നിവരെയാണ് എലത്തൂർ പൊലീസ് പിടികൂടി ചേവായൂർ പൊലീസിന് കൈമാറിയത്. ചേവായൂർ പൊലീസ് ഇവരെ അറസ്റ്റു ചെയ്തു. ഇന്ന് പകൽ പന്ത്രണ്ടിനാണ് സംഭവം. മലാപ്പറമ്പ് മലാക്കുഴിയിൽ ബഷീറിന്റെ കെ എൽ 57 8485 ടിപ്പർ വെള്ളിയാഴ്ച രാത്രി എഡിഎം ബംഗ്ലാവിന് സമീപം നിർത്തിയിട്ടതായിരുന്നു. ഇന്ന് പുലർച്ച 4.50നാണ് ടിപ്പർ യുവാക്കൾ മോഷ്ടിച്ചത്.

അമിത വേഗതയിൽ ടിപ്പർ സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ട എലത്തൂർ പൊലീസ് വാഹനത്തെ പിന്തുടർന്നു. വഴിയിൽ പല വാഹനത്തിലും ഡിവൈഡറിലുമെല്ലാം ഇടിച്ച വണ്ടി പിന്നീട് അമ്പലപ്പടി ബൈപ്പാസ്, എരഞ്ഞിക്കൽ, കണ്ടംകുളങ്ങര, പാവങ്ങാട് വഴി നടക്കാവിലെത്തി. ഇവിടെ പൊലീസിനെ കണ്ട യുവാക്കൾ വണ്ടി ബിലാത്തികുളത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ഈ വഴിയിലൂടെ അതിവേഗം മുന്നോട്ടുപോയ ടിപ്പർ ഒരു മാധ്യമ പ്രവർത്തകന്റെ കാറിലും ഇടിച്ചു.

ഒടുവിൽ ബിലാത്തികുളം ക്ഷേത്രക്കുളത്തിനടുത്ത് എത്തിയ ലോറി ക്ഷേത്രത്തിലെ വിളക്കുതൂണിൽ ഇടിച്ചു നിന്നു. യുവാക്കളെ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് എലത്തൂർ പൊലീസ് ഇരുവരെയും ചേവായൂർ പൊലീസിന് കൈമാറി. മലാപ്പറമ്പ് ചോലപ്പുറത്ത് സ്‌കൂളിലെ ലാപ് ടോപ്പും സ്പീക്കറും കവർന്ന ശേഷമാണ് മോഷ്ടാക്കൾ ടിപ്പർ ഓടിച്ചു പോയതെന്ന് ചേവായൂർ പൊലീസ് പറഞ്ഞു.