തൊടുപുഴ: വെട്ടിമറ്റത്ത് ഇന്നലെ രാത്രി 2 യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിനു പിന്നിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ പൊലീസ് അന്വേഷണം ഊർജ്ജിതം. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഫൈസൽ കോലഞ്ചരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില മെച്ചപ്പെട്ടാൽ നാളെ മൊഴിയെടുക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇന്ന് മൊഴിയെടുക്കുന്നതിന് ലക്ഷ്യമിട്ട് തൊടുപുഴ പൊലീസ് ആശുപത്രിയിൽ എത്തിയിരുന്നു.

ഈയവസരത്തിലാണ് ഫൈസലിന് ഓപ്പറേഷനെത്തുടർന്നുള്ള വിഷമതകൾ ഉണ്ടെന്ന് ആശുപത്രി അധികൃതരിൽ നിന്നറിഞ്ഞതിനെത്തുടർന്ന് മടങ്ങിപ്പോരുകയായിരുന്നു. ഫൈസലിന്റെ സുഹൃത്ത് അൻസിലിനും പരിക്കേറ്റിട്ടിട്ടുണ്ട്. വിവരങ്ങൾ ചോദിച്ചറിയാൻ പൊലീസ് ഇയാളുടെ മൊബൈലിൽ വിളിച്ചു. റിംങ് ചെയ്തപ്പോൾ എടുത്തെങ്കിലും വിവരം തിരക്കിയതോടെ അൻസിൽ മൊബൈൽ സ്വച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് പൊലീസിന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.ഇയാൾ എത്താൻ സാധ്യതയുള്ള വീടുകളിലും സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി വരികയാണ്.

പകൽ പോലും ആൾ സഞ്ചാരം കുറഞ്ഞ പ്രദേശത്ത് ഒറ്റയ്ക്കു താമസിച്ചുവരുന്ന തടിപ്പണിക്കാരനായ ദീപുവാണ് ഇവർ ഇരുവരെയും ആക്രമിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. ഇയാളും ഒളിവിലാണ്. പരിക്കേറ്റ അൻസിൽ പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്താതെ മുങ്ങിയത് ദുരൂഹതയുടെ ആക്കം വർദ്ധിപ്പിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ 1.30 തോടെയായിരുന്നു ആക്രമണമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

രാത്രിവൈകി ഒറ്റയ്ക്കു താമസിക്കുന്ന ദീപുവിനെ കാണാൻ കുത്തേറ്റ ഫൈസലും അൻസിലും എത്തിയത് എന്തിനുവേണ്ടിയായിരുന്നെന്നാണ് പൊതുവെ ഉയർന്നിട്ടുള്ള സംശയം. ആദ്യം ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയിൽ നിന്ന് ഇറക്കുമ്പോൾ കുത്തേറ്റു എന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരക്കിയെങ്കിലും കൂടുതൽ വിശദീകരണങ്ങൾക്ക് ഇവർ തയ്യാറായില്ല. യഥാർത്ഥ കാരണം മറച്ചുവയ്ക്കാൻ പൊലീസിൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുള്ളതായും ആരോപണമുയർന്നിട്ടുണ്ട്.

ഈ മേഖലയിൽ ലഹരിവിൽപ്പനയും ഉപയോഗവും വ്യാപകമാണെന്നും രാഷ്ട്രീയ സ്വാധീനത്താൽ യപല അടിപിടികളും ഒതുക്കി തീർക്കുന്നതായും നാട്ടുകാർ പറയുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ തമ്മിൽ രാഷ്ട്രീയത്തിനപ്പുറം സൗഹൃദമുള്ള പ്രദേശമായതിനാൽ പരസ്പര സഹകരണത്തിൽ ആരും പ്രതിഷേധം ഉയർത്താത്ത സ്ഥിതിയാണെന്നും കുഴപ്പക്കാർക്കു വളരാൻ അവസരം ഒരുക്കിയിരിക്കുകയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.