തൊടുപുഴ : ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിക്ക് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തൊടുപുഴ വെളിയത്ത് ബിനു(42), അറക്കുളം മുളക്കൽ വിഷ്ണു(27), കുമാരമംഗലം ചേനക്കരകുന്നേൽ നിബുൻ(32) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട്
തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തത്.

ഞായറാഴ്ചയാണ് തൊടുപുഴ മങ്ങാട്ടുകവലയിലെ മുബാറക് ഹോട്ടലിലെ ജീവനക്കാരനും അസം സ്വദേശിയായ നൂർ ഷെയ്ഖിന് മർദനമേറ്റത്. പാഴ്‌സൽ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ബിനുവും കൂട്ടകാരും നൂർ ഷെയ്ഖിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ബിനുവും കൂട്ടുകാരും തൊഴിലാളിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അതിക്രമം. അക്രമികളിൽ ഒരാൾ കുനിച്ചുനിർത്തി കൈയിൽ കരുതിയിരുന്ന , കൂർത്തമുനയുള്ള ആയുധം കൊണ്ട് നൂർ ഷെയ്ഖിനെ ആ ക്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലും വ്യക്തമാണ്.

തൊഴിലാളിയുടെ പുറത്തെ പരിക്കുകളും ഇത്തരത്തിലുള്ള ആയുധം ഉപ യോഗിച്ചു എന്നു വ്യക്തമാക്കുന്നതാണ്. നൂർ ഷെയ്ഖിന്റെ പുറത്തേ പരിക്കുകളും ഇത് വ്യക്തമാക്കുന്നു. പരിക്കേറ്റ തൊഴിലാളിയെ ഞായറാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആക്രമണത്തിലാണ് പരിക്കേറ്റെതെന്നറിഞ്ഞ ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകാൻ തയ്യാറായെങ്കിലും തൊഴിലാളിയും അടുപ്പക്കാരും ഇടപെട്ട് തടയുകയായിരുന്നു.

ബിനുവും കൂട്ടുകാരും ആളുകളെ കൂട്ടി വന്ന് ഭീഷണിപ്പെടുത്തി തൊഴിലാളിയെ പരാതിയിൽ നിന്നും പിന്തിരിപ്പിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ ചൊവ്വാഴ്ച ചെവിക്കുസമീപം പൊട്ടൽ കണ്ടെത്തിയതോടെ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവ ദിവസം പൊലീസ് ഹോട്ടലിൽ എത്തിയിരുന്നു .പരാതിയില്ലെന്ന് തിരിച്ചു പോകുകയായിരുന്നു. മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ പൊലീസ് ഇടപെടൽ ശക്തമാവുകയും അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ എത്തുകയുമായിരുന്നു.