- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരുതർക്കത്തിൽ വാക്കേറ്റം മൂത്ത് മർദ്ദനമായി; മറയൂരിൽ യുവാവിനെ നടുറോഡിൽ മരക്കമ്പുകൾ കൊണ്ട് ആക്രമിച്ച സഹോദരിമാർക്ക് എതിര വധശ്രമത്തിന് കേസ്; മോഹൻരാജിനെ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്
മറയൂർ: യുവാവിനെ നടുറോഡിൽ ആക്രമിച്ച സഹോദരിമാർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മറയൂർ പള്ളനാട് സ്വദേശികളായ ശൈലജ, ജയറാണി ,ബ്രന്ദ, ജമുന എന്നിവർക്കെതിരെയാണ് മറയൂർ പൊലീസ് കേസെടുത്തത്. മറയൂർ ബാബുനഗർ ശിവശ്രീഭവനിൽ മോഹൻ രാജി(40)നെയാണ് ഇവർ ആക്രമിച്ചത്.
മരക്കമ്പുകൊണ്ടുള്ള അടിയേറ്റ് മോഹൻരാജിന്റെ തലയ്ക്ക് മുറിവേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോഹൻരാജ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണമുണ്ടായത്. മോഹൻരാജിന്റെ ബന്ധുവിന്റെ സ്ഥലത്തിന്റെ അതിരിനെ സംബന്ധിച്ച് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള സഹോദരിമാരുമായി തർക്കം നിലനിന്നിരുന്നു. ഇതെത്തുടർന്ന് മോഹൻരാജിന്റെ ബന്ധു നിയമ നടപടി ആരംഭിക്കുകയും ചെയ്തിരുന്നു.
ഈ പ്രശ്നത്തിൽ അഭിഭാഷക കമ്മീഷൻ സ്ഥലം കാണാൻ എത്തുമെന്ന് അറിയിപ്പ് ലഭിച്ചതിനാലാണ് മോഹൻരാജ് പള്ളനാട് ബന്ധുവിന്റെ സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചത്. താൻ പള്ളനാട് ബൈക്കിൽ എത്തിയ അവസരത്തിൽ ബന്ധുവായ രൂപനെ സ്ത്രീകൾ മരക്കമ്പുകൾ കൊണ്ട് അടിക്കുന്നതാണ് കാണുന്നതെന്നും ഇത് തടയാൻ ശ്രമിക്കുന്നതിനിടെ തന്നെയും ഇവർ ആക്രമിച്ചെന്നും മോഹൻരാജ് പറഞ്ഞു.തലയ്ക്കും കൈക്കും പരിക്കേറ്റ മോഹൻരാജിനെ സ്ഥലത്തുണ്ടായിരുന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്.
.
തങ്ങളുടെ കൃഷി ഭൂമിയുടെ അതിര് മുള്ളുവേലിയിട്ട് തിരിക്കുന്നതിന് സഹോദരിമാർ നീക്കം ആരംഭിച്ചതോടെ ഇവരുമായി അതിർത്തി പങ്കിടുന്ന അയൽവാസികൾ നിയമ നടപടികളുമായി രംഗത്തെത്തിയിരുന്നു.തങ്ങളുടെ ഭൂമി സഹോദരിമാർ കയ്യേറിയിട്ടുണ്ടെന്നായിരുന്നു ഇവരുടെ പരാതി.ഇതുസംബന്ധിച്ച് മറയൂർ പൊലീസിലും ഇരുവിഭാഗവും പരാതികളുമായി എത്തിയിരുന്നു. കേസ് ഇടുക്കി വനിതാപൊലീസിന് കൈമാറിയതായി മറയൂർ സി ഐ അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.സ്ത്രീകൾ നീളമുള്ള മരക്കമ്പുമായി മോഹൻരാജിനെ വളഞ്ഞിട്ട് തല്ലുന്നതും ഇവരിൽ ഒരാളുടെ വടി പിടിച്ചുവാങ്ങി മോഹൻരാജ് പ്രതിരോധിക്കുന്നതും വീഡിയോയിൽ കാണാം.
മറുനാടന് മലയാളി ലേഖകന്.