കാസർകോട് : കർണ്ണാടകയിൽ നിന്നും വില്പനക്കായി ബൈക്കിൽ കൊണ്ടു വരികയായിരുന്ന മൂന്ന് കിലോ നൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കയ്യാർ ബായിക്കുട്ടയിലെ മുഹമ്മദിന്റെ മകൻ ബായിക്കട്ട ഹൗസിൽ അബുബക്കർ റിയാസിനെ (28) യാണ് കാസർകോട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വഡ് സർക്കിൾ ഇൻസ്‌പെക്ടർ ജോയി ജോസഫും സംഘവും അറസ്റ്റു ചെയ്തത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ. 14. ടി. 2478 നമ്പർ ഹോണ്ട യൂഗോ ബൈക്ക് അധികൃതർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ പ്രിവന്റീറ് ഓഫീസർമാരായ സന്തോഷ്, ഇകെ. ബിജോയി എം.വി സുധീരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശൈലേഷ് , മോഹനകുമാർ മഞ്ചുനാഥ്, മനോജ്,സാജൻ, നിഷാദ്, ഡ്രൈവർ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

അതേസമയം കഞ്ചാവ് വില്പനക്കിടെ രണ്ടുപേരെ ബേക്കൽ പൊലീസും പിടികൂടിയിട്ടുണ്ട്. ചിത്താരി പള്ളിക്കര മഠത്തിന് സമീപം താമസിക്കുന്ന കുളത്തിങ്കൽ ഹൗസിൽ മുഹമ്മദ് ഷാജഹാൻ (34), പള്ളിക്കര മഠത്തിന് സമീപത്തെ സലിം (51) എന്നിവരെയാണ് എസ്‌ഐ.കെ.രാജീവനും സംഘവും ബേക്കൽ വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കരഞ്ചാവ് വില്പന നടത്തുകയായിരുന്ന പ്രതികൾ പിടിയിലായത്. പ്രതികളിൽ നിന്നും 730 ഗ്രാം കഞ്ചാവ് ശേഖരം പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

നേരത്തെ ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ രെജിസ്റ്റർ ചെയ്തത് ജയിലിൽ അടയ്ക്കണമെങ്കിൽ കോമേഴ്സ്യൽ ക്വാണ്ടിറ്റി പ്രതിയുടെ കയ്യിൽ നിന്ന് കണ്ടെത്തണമായിരുന്നു. മയക്കുമരുന്നുകൾ 5 ഗ്രാമിന് മുകളിലും കഞ്ചാവ് 1 കിലോയും ഉണ്ടായാൽ മാത്രമേ കോമേഴ്സ്യൽ ക്വാണ്ടിറ്റിയുടെ പരിധിയിൽ വരുകയുള്ളു എന്നാൽ ഇത് തിരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ലഹരി വസ്തുക്കൾ കണ്ടെത്തിയെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളി എന്ന് കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യാനും മറ്റു നിയമ നടപടികൾ സ്വീകരിക്കാനുമാണ് നീക്കം. മാത്രമല്ല എത്ര ചെറിയ അളവിലും ലഹരി കണ്ടെത്തിയാലും ജാമ്യം നൽകാതെ അറസ്റ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും . മഹാരാഷ്ട്രയിൽ ഷാരുഖ് ഖാന്റെ മകൻ ആര്യയെ പിടികൂടിയത് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം നീക്കങ്ങളാണ് കേരളത്തിലും തുടരാൻ ആലോചിക്കുന്നത്. ഇതിനായുള്ള നിയമ ഭേദഗതിക്ക് തയ്യാറെടുക്കുകയാണ് സർക്കാർ .