മലപ്പുറം: ഭർതൃവീട്ടിൽ മകൾ നേരിട്ട പീഡനത്തിൽ മനം നൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവ് ഊർങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുൽ ഹമീദ് (30) ഒളിവിൽ കഴിഞ്ഞത് അടുത്തിടെ മരണം നടന്ന ഒരു ബന്ധുവിന്റെ വീട്ടിൽ. അതും പിടിക്കപ്പെടാതിരിക്കാൻ ഫോൺ പോലും ഉപയോഗിക്കാതെയും. പ്രതി ഇന്ന് അറസ്റ്റിലായത് ഏറെ വിവാദങ്ങൾക്ക് ശേഷമാണ്. വിഷയം നിയമസഭയിൽ വരെ ചർച്ചയാവുകും ബന്ധുക്കൾ പൊലീസിനെതിരെ ആരോപണം ഉയർത്തുകയും ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

പ്രതി മലപ്പുറം ഊർങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുൾ ഹമീദി(30) നെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് മകളെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിക്കുന്നതിൽ മനംനൊന്ത് കഴിഞ്ഞ 23നാണ് ചെങ്ങാറായി മൂസക്കുട്ടി റബർ തോട്ടത്തിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു. അതിനു മുമ്പ് മൂസക്കുട്ടി സ്വന്തം ഫോണിൽ മകളുടെ ദുരവസ്ഥ സംബന്ധിച്ചുള്ള ശബ്ദരേഖ റെക്കോഡ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സംഭവം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്. മൂസക്കുട്ടിയുടെ മരണം സംബന്ധിച്ച കേസ് വണ്ടൂർ പൊലീസാണ് അനേഷിക്കുന്നത്.

കഴിഞ്ഞ മൂന്നിന് 60 ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞുമായി മൂസക്കുട്ടിയുടെ മകൾ നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന കേസിലാണ് ഭർത്താവ് ഹമീദ് ഇപ്പോൾ അറസ്റ്റിലായത്. കേസിൽ ഹമീദിന്റെ മാതാപിതാക്കളും പ്രതികളാണ്. സംഭവം വിവാദമായതോടെ ഹമീദും പിതാവ് ഇസ്മായിലും മാതാവ് ഫാത്തിമയും ഒളിവിൽ പോവുകയായിരുന്നു. ഫോൺ ഉപയോഗിക്കാതെ അരീക്കോട് കുനിയിൽ അടുത്തിടെ മരണം നടന്ന ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു ഇവർ.

സംഭവം നിയമസഭയിൽ വരെ ചർച്ചയാവുകയും പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ 24 മണിക്കൂർ കഠിന പരിശ്രമമാണ് പ്രതികളുടെ ഒളിത്താവളം കണ്ടുപിടിച്ച് അറസ്റ്റിലേക്ക് വഴി തെളിച്ചത്. വണ്ടൂർ പൊലീസ് അന്വേഷിക്കുന്ന ആത്മഹത്യാ കേസ് വകുപ്പ് മാറ്റി ആത്മഹത്യാ പ്രേരണ കുറ്റമായി മാറ്റി. ഇതോടെ വണ്ടൂർ പൊലീസും പ്രതികളെ അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ 23-ന് ആത്മഹത്യ ചെയ്ത മൂസക്കുട്ടിയുടെ ചില ബന്ധുക്കളുടെ നേതൃത്വത്തിൽ ഒരു സംഘം ഊർങ്ങട്ടീരി തെഞ്ചീരിയിലെത്തി ഹമീദിന്റെ വീട്ടിൽ ആക്രമണം നടത്തിയതിന് അരീക്കോട് പൊലീസും ഒരു കേസെടുത്ത് അനേഷിക്കുന്നുണ്ട്. നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. അബ്രഹാമിന്റെ മേൽനോട്ടത്തിലാണ് കേസനേഷണം. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.