മലപ്പുറം: 84കാരനായ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. മലപ്പുറം അരിയല്ലൂർ രവിമംഗലം പാണാട്ട് വീട്ടിൽ വിനോദ് കുമാർ (46) നെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് രവിമംഗലം പാണാട്ട് വീട്ടിൽ മാധവൻ നായരെ (84) ടോർച്ച് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.

സ്ഥിരം മദ്യപിച്ചെത്തുന്ന ഇയാൾ മുമ്പും മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും പരാതിയെ തുടർന്ന് പ്രശ്‌നം സ്റ്റേഷനിൽ വെച്ച് പരിഹരിച്ചതുമാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശ്രമത്തിനും പേരന്റ്സ്, സീനിയർ സിറ്റിസൺ ആക്ട് പ്രകാരവുമാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡി.എസ്‌ഐ. മാരായ രാധാകൃഷ്ണൻ, സുരേഷ് കുമാർ, സി.പി.ഒ മാരായ ജിനേഷ്, മുജീബ്, എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.