മലപ്പുറം: ഇന്ത്യൻ നോട്ടിന് പകരം ദിർഹംസ് നൽകാമെന്ന് പറഞ്ഞ് വ്യാപാരികളുടെ 5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രധാന പ്രതിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ളാദേശ് സ്വദേശിയും ജാർഖണ്ഡ് വിലാസത്തിൽ താമസക്കാരനുമായ ഫാറൂക്ക് ഷെയ്ക്ക്(32)നെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്.

2020 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാര സ്ഥാപനത്തിലെത്തി വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷം 5 ലക്ഷത്തിന് ദിർഹം കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് ചങ്ങരംകുളത്ത് മാട്ടം റോഡിൽ വിളിച്ച് വരുത്തുകയും ശേഷം ദിർഹം ആണെന്ന് വിശ്വസിപ്പിച്ച് ബാഗ് കൈമാറി 5 ലക്ഷം രൂപയുമായി അപ്രത്യക്ഷനാവുകയും ആയിരുന്നു.

ചങ്ങരംകുളം പൊലീസിന് നൽകിയ പരാതിയിൽ നടത്തിയ അന്യേഷണത്തിൽ കൂട്ടുപ്രതി നേരത്തെ അറസ്റ്റിലായിരുന്നു.പ്രതികൾ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന വിവരത്തിൽ അന്യേഷണസംഘം പണവുമായി കടന്ന പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് സമാനമായ കേസിൽ ഫാറൂക്ക് ഷെയ്ക്കിനെ കാസർഗോഡ് ചന്ദേര പൊലീസ് പിടികൂടിയത്.

എസ്‌ഐമാരായ ഹരിഹരസൂനു,ആന്റോ ഫ്രാൻസിസ്, സിപിഒമാരായ കപിൽദേവ്,കെൻസൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കാസർഗോഡ് എത്തി കസ്റ്റഡിയിൽ എടുത്തത്.തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു