കോതമംഗലം: പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരണം തലയ്ക്കടിയേറ്റതിനെ തുടർന്ന് പൊലീസ് കണ്ടെത്തൽ. പിതാവും മകനും പിടിയിലെന്ന് സൂചന.

ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോളി (42) ന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞിട്ടുള്ളത്. ചേലാട്, നാടോടി, ചെങ്കരകനാൽ ബണ്ട് സൈഡിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് പുറത്ത് സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്ന നിലയിലാണ് രാവിലെ നടക്കാൻ ഇറങ്ങിയവർ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയവർ ദേഹത്തുനിന്നും സ്‌കൂട്ടർ മാറ്റി പരിശോധിച്ചപ്പോൾ മരണം നടന്നതായി ബോദ്ധ്യപ്പെട്ടു. തുടർന്ന് കോതമംഗലം പൊലീസിൽ ഇവർ വിവരം അറിയിക്കുകയായിരുന്നു. പ്രത്യക്ഷത്തിൽ വാഹനാപകടമെന്ന് തോന്നിച്ചിരുന്ന സംഭവം കൃത്യതോടെയുള്ള അന്വേഷണത്തിൽ കോതമംഗലം പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

രാത്രി 10 മണിക്കുശേഷം മൊബൈലിൽ കോൾ വന്നതിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ എൽദോസിനെ പിന്നെ മക്കളിലൊരാൾ വിളിച്ചിരുന്നു. അപ്പോൾ ഉടൻ വരാമെന്നായിരുന്നു മറുപിടി. മൃതദേഹം കണ്ടെടുത്തിട്ടും എൽദോസിന്റെ മൊബൈൽ കണ്ടുകിട്ടിയിരുന്നില്ലന്നും ഇതിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് കൊലപാതകിയെ കണ്ടെത്താൻ പൊലീസിന് തുണയായതെന്നുമാണ് സൂചന.

എൽദോസിൽ നിന്നും പണം കടംവാങ്ങിയിരുന്ന സമീപവാസിയാണ് കൊല നടത്തിയതെന്നാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം. മഴുകൊണ്ട്് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്നും ഇതിനുശേഷം ആയുധം ഒളിപ്പിച്ചതായും കസ്റ്റഡിയിലുള്ളവർ സമ്മതിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. മകൻ അടിച്ചുവീഴ്‌ത്തുകയും മരണം ഉറപ്പായപ്പോൾ ജഡം കനാലിലേയ്ക്കിടാൻ പിതാവ് ഇയാളെ സഹായിച്ചെന്നും മറ്റുമുള്ള പ്രചാരണവും ശക്തമാണ്.

എന്നാൽ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തെളിവെടുപ്പും ചോദ്യം ചെയ്യലിനും ശേഷം നാളെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിടുമെന്നാണ് അറിയുന്നത്