- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാമാതാവിന് സ്വത്ത് വകയിൽ ലഭിച്ച പണവും സ്ത്രീധനത്തുകയായി വേണം; നിഷേധിച്ച ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാഴ്ച്ചയായിട്ടും പ്രതിയെ കണ്ടെത്താതെ പയ്യോളി പൊലീസ്
കോഴിക്കോട്: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാനാകാതെ ഇരുട്ടിൽ തപ്പി പയ്യോളി പൊലീസ്. മണിയൂർ ഉല്ലാസ് നഗർ രയരോത്ത്കണ്ടി നാദിറ (27) യെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് റാഷിദ് (31) ആണ് ഒളിവിൽ പോയത്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രി 10 മണിക്കാണ് റാഷിദ് നാദിറയെ തീകൊളുത്താൻ ശ്രമിച്ചത്. രാത്രി വീട്ടിൽ എത്തിയ ഇയാൾ നാദിറയേയും കുട്ടികളേയും മുറിയിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. പന്തികേട് തോന്നിയ ഇവർ മുറിക്ക് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ റാഷിദ് അരയിൽ കരുതിവച്ചിരുന്ന പെട്രോൾ നാദിറയുടെ തലയിലേയ്ക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് ലൈറ്റർ എടുത്ത് കത്തിക്കാൻ ശ്രമിച്ച പ്രതിയുടെ കൈതട്ടിമാറ്റി നാദിറ പുറത്തേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു.
ബഹളം കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയാണ് നാദിറയേയും കുട്ടികളേയും രക്ഷിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാദിറയെ വടകര ഗവ. ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
പതിനൊന്ന് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. വിവാഹസമയത്ത് നൽകിയ 28 പവൻ സ്വർണാഭരണങ്ങൾ റാഷിദ് പണയം വച്ചിരുന്നു. അത് കൂടാതെ ഭാര്യാമാതാവിന് സ്വത്ത് വകയിൽ ലഭിച്ച പണവും സ്ത്രീധനത്തുകയായി ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
ഏഴ് വർഷം സ്വന്തം വീട്ടിൽ പോകാൻ ഇയാൾ അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും നാദിറ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ 301, 406, 498 എ, 308 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.