കൊച്ചി:പള്ളിയിൽ പോകുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത ദമ്പതികളെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പിൽ സുജിത്ത് കുമാർ (35) ഇയാളുടെ ഭാര്യ വിദ്യ (29) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടാം തീയതി രാവിലെ പള്ളിയിൽ പോകുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവൻ മാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം വച്ച് പിടിച്ച് പറിച്ചത്.

ഭർത്താവ് സ്‌ക്കൂട്ടറോടിച്ച് ഭാര്യ പുറകിലിരുന്ന് മാലപൊട്ടിച്ചെടുക്കുന്ന രീതിയാണ് ഇവരുടേത്. സി.സി.റ്റി.വി യിൽ നിന്നും ദൃശ്യങ്ങൾ ലഭ്യമായിരുന്നുവെങ്കിലും വ്യക്തത ഇല്ലായിരുന്നു. പ്രദേശത്തെ ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നിരുന്നു. മുൻകാല കുറ്റവാളികളെയും സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും സംശയിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ചാണ് ഇവർ സ്‌ക്കൂട്ടറിൽ യാത്ര ചെയ്തിരുന്നത്. അടുത്ത മാല മോഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലാകുന്നത്. മുനമ്പം ഡി.വൈ.എസ്‌പി ആർ.ബൈജുകുമാർ ഞാറക്കൽ ഇൻസ്‌പെക്ടർ രാജൻ കെ. അരമന, സബ് ഇൻസ്‌പെക്ടർ എ.കെ.സുധീർ അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ദേവരാജൻ, സാജൻ, വിക്കി ജോസഫ്, സുനീഷ് ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജാവല്ലഭൻ, അജയകുമാർ, റോബർട്ട് ഡിക്‌സൺ, സുബി, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺദാസ്, സ്വരാഭ്, ടിറ്റു, പ്രീജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റിടങ്ങളിൽ നടത്തിയ മോഷണ ശ്രമങ്ങളും ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.