മലപ്പുറം: പള്ളികളിൽ എത്തുന്നവരുടെ പണവും വാഹനങ്ങളും മോഷണം പോകുന്നത് പതിവ്. എല്ലാ കളവും നടത്തിയത് ഒരാൾ തന്നെയാണെന്നും മോഷണങ്ങൾക്കായ് പ്രതി വരുന്നതും പോകുന്നതും കോഴിക്കോട് ഭാഗത്തു നിന്നാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഒടുവിൽ പ്രതി പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ പിടിയിലായി. മലപ്പുറം അരീക്കോട് താന്നിപ്പറ്റ മുഹമ്മദ് ഫൈറൂസ് (24) എന്ന ഫൈറൂസിനെയാണ് ഡി.വൈ.എസ്‌പി സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

22ന് വൈകുന്നേരം നാലുമണിയോടെ നിലമ്പൂർ കോവിലകം റോഡിലുള്ള പുതിയ പള്ളിയിൽ നമസ്‌കാരത്തിനെത്തിയ ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി പള്ളി വളപ്പൻ അഷറഫിന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചാണ് മോഷ്ടിച്ച ബൈക്ക് സഹിതം പിടിയിലായത്. അടുത്തിടെ മലപ്പുറം ജില്ലയിലെ വിവിധ പള്ളികളിൽ നിന്നും പണവും മൊബൈൽ ഫോണും, ബൈക്കുകളും മോഷണം പോകുന്നത് പതിവായതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരമാണ് ഡി.വൈ.എസ്‌പിയുപടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്.

കോട്ടക്കൽ പള്ളിയിലെ നേർച്ചപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ചതും, കാടാമ്പുഴയിലെ പള്ളിയിൽ നിന്നും 16000 രുപയും മൊബൈൽ ഫോണും മറ്റും മോഷ്ടിച്ചതും പ്രതി നിലമ്പൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണ് എന്നും പൊലീസ് പറഞ്ഞു. അരീക്കോട് ഉഗ്രപുരത്തെ പള്ളിയിൽ നമസ്‌കാരത്തിനു വന്ന ആളുടെ സ്‌കൂട്ടറും സമാന രീതിയിൽ മോഷണം പോയിരുന്നു.

മോഷണം നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം ഫൈറൂസിലേക്കെത്തിയത്. എല്ലാ കളവും നടത്തിയത് ഒരാൾ തന്നെയാണെന്നും മോഷണങ്ങൾക്കായ് പ്രതി വരുന്നതും പോകുന്നതും കോഴിക്കോട് ഭാഗത്തു നിന്നാണെന്നും കണ്ടെത്തിയിരുന്നു.

തുടർന്ന് കോഴീക്കോട് ഭാഗത്തെ റെയിൽവേ സ്റ്റേഷനുകളും, ലോഡ്ജുകളും,ബസ്റ്റാന്റുകളും ആശുപത്രി കളും കേന്ദ്രീകരിച്ചു പ്രത്യേക സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് മോഷ്ടിച്ച ബൈക്ക് സഹിതം പ്രതി പൊലീസ് പിടിയിലായത്. കോഴിക്കോട് മൊയ്ദീൻ പള്ളിയിലും , കാവനൂരിലെ പള്ളിയിലും മോഷണം നടത്തിയതിന് പ്രതി മുൻപ് പിടിയിലായി ജയിൽവാസമനുഭവിച്ചിട്ടുണ്ട്.

വിവിധ പള്ളികളിൽ സമാന രീതിയിൽ പ്രതി നടത്തിയ മോഷണത്തെ കുറിച്ച് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വരുന്നുണ്ട് .വീടുവിട്ടുകറങ്ങി നടക്കുന്ന പ്രതി ലഹരി വസ്തുക്കൾ വാങ്ങുന്നതിനും കൂട്ടുകൂടി ആർഭാട ജീവിതം നയിക്കുന്നതിനുമാണ് മോഷണം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ് ബിനു, എസ്‌ഐ മാരായ നവീൻ ഷാജ്, എം.അസൈനാർ, കെ.സി. കുഞ്ഞുമുഹമ്മദ്, എഎസ്ഐ. മുഹമ്മദാലി, സി പി ഒ മാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.