ആലുവ: ഉദ്യോഗാർത്ഥികൾക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിൽ. വിഴിഞ്ഞം കാഞ്ഞിരംവിള വീട്ടിൽ ഡൊമനിക്ക് (35)നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നവി മുംബൈ സിദ്ധി ഓഷ്യൻ ലിമിറ്റഡ് എന്ന കമ്പനിയുടെ വ്യാജ ലറ്റർ പാഡിലാണ് ഇയാൾ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത്.

കഴിഞ്ഞ ഓഗസ്റ്റിൽ ഇതുമായി വിദേശത്തേക്കു പോകാൻ വന്ന വിഴിഞ്ഞം സ്വദേശികളായ ഷിബിൻ, പ്രമോദ് എന്നിവരെ നെടുമ്പാശേരി പൊലീസ് അറസറ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

വിദേശത്ത് ഷിപ്പിൽ സീമാനായ് ജോലി നോക്കുന്നതിനാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തു. ഇൻസ്‌പെക്ടർ പി.എം ബൈജു , സബ് ഇൻസ്‌പെക്ടർ അനീഷ് കെ.ദാസ്, എഎസ്ഐമാരായ സുനിൽകുമാർ, ബൈജു കുര്യൻ, സി.പി.ഒ സജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.