- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസ്: നാൽവർ സംഘം പിടിയിൽ; മോഷണം പോയ ഉരുപ്പടികളും കണ്ടെടുത്തു
മലപ്പുറം: കാലിക്കറ്റ് സർവകലാശാല കാംപസ് ഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തി കൊണ്ട് പോയ കേസിലെ പ്രതികളെ ഇന്നലെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 5 ന് പുലർച്ചെയാണ് മോഷണം നടന്നത്. മോഷണ സംഘത്തിലെ നാല് പേരെ ബുധനാഴ്ചയാണ് പിടികൂടിയത്.
കരിപ്പൂർ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദൽ നാസർ (41), നീരോൽപാലം സ്വദേശികളായ മേത്തലയിൽ ശിഹാബുൽ ഹഖ് (33), തൊണ്ടിക്കോടൻ ജംഷീർ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിർദൗസ് (36) എന്നിവരാണ് അറസ്റ്റിലായത്. മോഷണം പോയ ചന്ദന തടികളും, പ്രതികൾ ഉപയാഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂർ കൊല്ലം ചിന യിലെ ഗോഡൗണിൽ നിന്നും ഇന്നലെയാണ് കണ്ടെടുത്തത്.
കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് നടത്തിയ പഴുതടച്ച അന്വാഷണത്തിലാണ് പ്രതികൾ ഒരാഴ്ചക്കകം വലയിലാകുന്നത്. തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ബി ഷൈജു, സബ് ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ, സി.പി.ഒമാരായ എം. റഫീഖ്, പി.കെ വിജേഷ്, പി. രൂപേഷ്, ബിജു ഷോബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെഅറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി.