- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം കൈമാറിയത് ഷാർജ വിമാനത്താവളത്തിലെ ശുചിമുറിയിൽ വച്ച്; അടിവസ്ത്രത്തിന് ഉള്ളിൽ സ്വർണം കടത്തിയത് 35,000 രൂപ കമ്മീഷന് വേണ്ടി; മുമ്പും താൻ സ്വർണം കടത്തി എന്നും കുറ്റസ്സമ്മതം; കരിപ്പൂരിൽ 99 ലക്ഷത്തിന്റെ സ്വർണവുമായി പിടികൂടിയപ്പോൾ എയർ ഹോസ്റ്റസിന്റെ ആത്മഹത്യാ ഭീഷണിയും
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ 99 ലക്ഷംരൂപയുടെ സ്വർണവുമായി പിടിയിലായ എയർഹോസ്റ്റസ് ഷഹാന അടിവസ്ത്രത്തിനുള്ളിൽ സ്വർണം കടത്തിയത് 35,000 രൂപക്കുവേണ്ടിയാണെന്ന് മൊഴി. താൻ മുമ്പും സ്വർണം കടത്തിയതായും 30കാരി സമ്മതിച്ചു. പിടിയിലായപ്പോൾ രക്ഷപ്പെടാൻ യുവതി ആത്മഹത്യാ ഭീഷണിയും മുഴക്കി. ഇതിനു പിന്നാലെ കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നായി വീണ്ടും
1.90 കോടിയുടെ സ്വർണം പിടികൂടി.
എയർഹോസ്റ്റസ് അടിവസ്ത്രത്തിനുള്ളിൽ 99ലക്ഷംരൂപയുടെ സ്വർണം മിശ്രിത രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ചത് രഹസ്യ വിവരത്തെ തുടർന്നു പിടികൂടിയതോടെയാണ് മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി പി.ഷഹാന(30) ഉദ്യോഗസ്ഥർക്കു മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്. തന്റെ പേരിൽ കേസെടുക്കരുതെന്നും താൻ ആത്മഹത്യ ചെയ്യുമെന്നുമാണ് യുവതി പറഞ്ഞത്. താൻ ഇതിനു മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്നും ഇത്തവണ സ്വർണം എത്തിച്ചാൽ 35,000 രൂപയാണു കമ്മീഷനായി നൽകാമെന്ന് പറഞ്ഞിരുന്നതെന്നും യുവതി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന് മൊഴി നൽകി.
ഷാർജയിൽനിന്നു കോഴിക്കോട്ടെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസാണ് പിടിയിലായ ഷഹാന. ഇവരെ അറസ്റ്റ് ചെയ്തെങ്കിലും വൈകിട്ടോടെ ജാമ്യത്തിൽ വിട്ടു. ഇവരുടെ ഭർത്താവും, അഭിഭാഷകനും ഉൾപ്പെടെ വിമാനത്താവളത്തിലെത്തിയാണു രണ്ടുപേരുടെ ആൾജാമ്യത്തിലാണു പുറത്തിറങ്ങിയത്.
ഷാർജ വിമാന താവളത്തിൽ ശുചിമുറിയിൽ നിന്നാണ് തനിക്ക് സ്വർണം ലഭിച്ചതെന്നും അവിടെ വച്ചാണു സ്വർണം അടിവസ്ത്രത്തിനുള്ള ഒളിപ്പിച്ചതെന്നുമാണ് യുവതി മൊഴി നൽകിയത്. യുവതിക്കു ചെറിയ കുഞ്ഞുമുണ്ട്. പുറത്തിറങ്ങി ചുങ്കത്തറയിലെ വീട്ടിലേക്കു പോകുന്ന വഴിയിൽ കൊണ്ടോട്ടി ബസ്റ്റാൻഡ് പരിസരത്തുവെച്ചു സ്വർണം കൈമാറാമെന്നാണ് പറഞ്ഞിരുന്നതെന്നും യുവതി മൊഴി നൽകി. മുമ്പും സമാനമായ രീതിയിൽ താൻ കടത്തിയിട്ടുണ്ടെന്നും ഇത് ചെറിയതായിരുന്നുവെന്നുമാണ് മൊഴി നൽകിയത്. അന്നും 35,000 രൂപയോളം കമ്മീഷനായി ലഭിച്ചിരുന്നുവെന്നും യുവതി മൊഴി നൽകി.
യുവതിയിൽനിന്നും 2.4 കിലോഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയിരുന്നത്. തുടർന്ന് ഇതിൽനിന്നും 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടികൂടിയത്.
അതേ സമയം ഇന്ന് കരിപ്പൂരിൽനിന്നും മൂന്ന് യാത്രക്കാരിൽ നിന്ന് മാത്രം 1.90 കോടിയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ബഹ്റൈയിനൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി ഹനീഫ(37)എന്ന യാത്രക്കാരനിൽ നിന്ന് 2.28 കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്ന് 2.06 കിലോ സ്വർണ മിശ്രിതമാണ് പിടിച്ചത്.ധരിച്ചിരുന്ന പാന്റിന് പ്രത്യേക അറയുണ്ടാക്കി ഇവിടെ ഒളിപ്പിക്കുകയായിരുന്നു.
കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുൽ ജലീലിൽ നിന്ന് 335 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.മൂന്ന് പേരിൽ നിന്നുമായി 4.7 കിലോ സ്വർണ മിശ്രിതമാണ് പിടിച്ചത്.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചത്. കരിപ്പൂരിൽ മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 1.98 കോടിയുടെ സ്വർണമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്