- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് താമസിക്കുന്ന ബധിരയും മൂകയുമായ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസ്: മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
മൂവാറ്റുപുഴ: ഒറ്റയ്ക്ക് താമസിക്കുന്ന ബധിരയും മൂകയും ആയ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിൽ. മുവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ഒഴുകയിൽ വീട്ടിൽ ഗിരീഷ്‌കുമാറിനെ (34) ആണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.
പുലർച്ചെ പണ്ടപിള്ളി പൊട്ടമല ഭാഗത്തു താമസിക്കുന്ന സ്ത്രീയുടെ വീടിനുള്ളിൽ വൈദ്യുതി വിച്ഛേദിച്ചശേഷം കടന്നുകൂടിയ ഇയാൾ ഒന്നരപവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത ശേഷം സ്വന്തം ബൈക്കിൽ രക്ഷപെടുകയായിരുന്നു. മുവാറ്റുപുഴ സബ്ബ് ഇൻസ്പെക്ടർ വി.കെ.ശശികുമാറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആയ ഗിരീഷ്‌കുമാർ കാമുകിയോടൊപ്പം കറങ്ങി നടന്ന് മോഷണമുതൽ സ്വർണകടയിൽ വില്പന നടത്തിയിരുന്നു. മോഷണമുതൽ പൊലീസ് കണ്ടെടുത്തു. അന്വേഷണസംഘത്തിൽ എഎസ്ഐ രാജേഷ്.സി.എം, സി.പി.ഒ ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.