മലപ്പുറം: വീട്ടിൽ മുറ്റമടിച്ച് കൊണ്ടിരുന്ന വീട്ടമ്മയെ മുഖമൂടിയിട്ട് അക്രമിച്ച് സ്വർണം കവരാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. മുറ്റത്തോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ തൊഴുത്തിൽ ഒളിച്ചിരുന്ന് പെട്ടെന്ന് ചാടി വീഴുകയായിരുന്നു. വീട്ടമ്മയുടെ മുഖത്തേക്ക് മുളക്പൊടി വിതറി കഴുത്തിൽ പിടിച്ച് രണ്ട് പവന്റെ ചെയിൻ പൊട്ടിച്ചോടുകയായിരുന്നു. മലപ്പുറം വേങ്ങരയിലാണ് സംഭവം.

പ്രതികളെ മണിക്കൂറുകൾക്കകമാണ് പൊലീസ് പിടികൂടിയത്. വേങ്ങര വലിയോറ ചുള്ളിപറമ്പ് സ്വദേശികളായ തെക്കേവീട്ടിൽ ഫൗസുള്ള (19), തെക്കെവീട്ടിൽ മിസ്ഹാബ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വേങ്ങര ചുള്ളിപ്പറമ്പ് കുറുവിൽക്കുണ്ടിലാണ് മുഖം മൂടി അക്രമണവും മോഷണവും നടത്തിയത്. ബുധനാഴ്ച പുലർച്ചെ ആറരക്കാണ് സംഭവം.

മുറ്റമടിക്കുകയായിരുന്ന കുറുകപുരക്കൽ പങ്കജവല്ലി എന്ന അമ്മു (61) വിനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേർ ചേർന്ന് മുളക് പൊടി വിതറി കഴുത്തിൽ നിന്ന് ആഭരണം പൊട്ടിച്ച് എടുക്കുകയായിരുന്നു. പിടിവലിയിൽ അമ്മു താഴെ വീണങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടക്കൾക്ക് പൂർണ്ണമായി കൈക്കലാക്കാൻ കഴിഞ്ഞില്ല. ചെറിയ ഭാഗം മാത്രമാണ് കൊണ്ടുപോയത്.

ശബ്ദം വച്ചതിനെ തുടർന്ന് അകത്ത് നിന്ന് വീട്ടിലെ മറ്റു അംഗങ്ങൾ പുറത്ത് വന്നതോടെ മോഷ്ടക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. അയൽപക്കത്തുള്ള മോഷ്ടാക്കൾ ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളക് പൊടി വിതറി അമ്മുവിനെ മണപ്പിക്കാനും ശ്രമം നടത്തുകയും ചെയ്തിരുന്നു.

നാട്ടുകാർ നടത്തിയ തിരച്ചിലിൽ മോഷ്ടാക്കൾ എത്തിയ മോട്ടോർ ബൈക്ക് തൊട്ടടുത്ത വീട്ടുപറമ്പിൽ നിർത്തിയിട്ടതായി കണ്ടത്തി. ഇതിന്റെ പിൻഭാഗത്തെ നമ്പർ പ്ലേറ്റ് പൂർണ്ണമായി നീക്കം ചെയ്ത നിലയിലയിലും മുന്നിലെ നമ്പർ പ്ലേറ്റ് മറച്ച നിലയിലുമായിരുന്നു. ബൈക്ക് വാടകക്കെടുത്തതാണെന്നറിയുന്നു. വേങ്ങര സ്റ്റേഷൻ ഓഫിസർ പി കെ മുഹമ്മദ് ഹനീഫ, എസ് ഐമാരായ എം പി അബൂബക്കർ , ഉണ്ണിക്കൃഷ്ണൻ, ഡോഗ് സ്‌കോഡിലെ ഒ സുമേഷ്, ജെ രാഹുൽ തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്