മലപ്പുറം: മലപ്പുറം മൂത്തേടത്തെ 34കാരന്റെ കിടപ്പുമുറിയിൽനിന്ന് നാടൻ തോക്കും 11 തിരകളും പിടികൂടി. മൂത്തേടം കാരപ്പുറം ബാലംകുളം പൊത്തങ്കോടൻ സുഫിയാന്റെ ( 34 ) വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്നും ഇവ പിടികൂടിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്.

മലയോര മേഖലയിൽ നായാട്ട് സജീവമായതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോക്കും തിരകളും പിടികൂടിയത്.

തോക്ക് കണ്ടെടുക്കുമ്പോൾ തിര നിറച്ച നിലയിലായിരുന്നു തോക്ക്. വീട്ടിൽ പരിശോധന നടക്കുന്നതറിഞ്ഞ സുഫിയാൻ ഒളിവിൽ പോയി. സുഫിയാൻ നായാട്ടുസംഘത്തിലെ സജീവ സാന്നിധ്യമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത് മാവോയിസ്റ്റുകളുടെ കൈവശം എത്താനുള്ള സാധ്യതയുള്ളതിനാൽ വരും നാളുകളിലും പരിശോധന ശക്തമാക്കും.

എടക്കര പൊലീസ് ഇൻസ്‌പെക്ടർ മഞ്ജിത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐമാരായ എം അസൈനാർ, കെ ശിവൻ, സിപിഒമാരായ അഭിലാഷ് കൈപ്പിനി, കെ ടി ആശിഫ് അലി , ടി നിബിൻദാസ്, ജിയോ ജേക്കബ്, എടക്കര സ്റ്റേഷനിലെ എസ്സിപിഒ മുജീബ്, സിപിഒമാരായ ഇ വി അനീഷ്, കെ ജെ ഷൈനി, സി സ്വാതി എന്നിവരടങ്ങിയ സംഘമാണ് തോക്കും തിരകളും കണ്ടെടുത്തത്. അതേസമയം പിടികൂടിയ തോക്ക് വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.