മലപ്പുറം: പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീൻ (27) എന്ന കൊളക്കോയി സെയ്ഫുദ്ധീനാണ് പൊലീസ് പിടിയിലായത്.

വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. പുരുഷന്മാർ നാട്ടിലില്ലാത്ത വീടുകൾ ദിവസങ്ങളോളം നിരീക്ഷിച്ചാണ് പ്രതി ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത്.

പ്രദേശത്തെ ഇത്തരം വീടുകളുടെ കുളിമുറി നിൽക്കുന്ന സ്ഥലം മനസ്സിലാക്കിയാണ് പ്രതി അവിടെ ക്യാമറ ഒളിപ്പിച്ചുവെച്ച് ദൃശ്യം പകർത്തിയതെന്നും പൊലീസ് പറയുന്നു. എന്നാൽ ഇത്തരം ദൃശ്യങ്ങൾ കാണിച്ച് സ്ത്രീകളെ പ്രതി ഭീഷണിപ്പെടുത്തി പല കാര്യങ്ങൾക്കും നിർബന്ധിപ്പിച്ചതായും സൂചനകളുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വഴിക്കടവ് സബ്ബ് ഇൻസ്പെക്ടർ . ടി.അജയകുമാർ, പൊലീസുകാരായ റിയാസ് ചീനി, അനീഷ് എം എസ്, ജിയോ ജേക്കബ്, അഭിലാഷ് കെ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.