കോതമംഗലം: സ്ഥാപനത്തിന് മുന്നിൽ വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കം അവസാനിച്ചത് കയ്യാങ്കളിയിൽ. രണ്ട് സ്ത്രീകളും കൈക്കുഞ്ഞും ഉൾപ്പെടെ 4 പേരെ ആക്രമിച്ച സംഭവത്തിൽ വ്യാപാരി സഹോദന്മാർ അറസ്റ്റിൽ.

നേര്യമംഗലം ചാലിൽ ഫുട് വെയേഴ്സ് ഉടമ ജയൻ എന്ന് അറിയപ്പെടുന്ന മാത്യൂസ്(49)സമീപത്തെ ചിമ സ്റ്റോഴ്സ് ഉടമയും ഇയാളുടെ സഹോദരനുമായ വർഗീസ് (53 ) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്. ദമ്പതികളിൽ യുവതിയുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

തന്നെയും കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെയും രണ്ടരവയസുള്ള കൈക്കുഞ്ഞിനെയും മർദ്ദിച്ചെന്നും മാനഹാനി വരുത്തുന്ന നിലയിൽ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് യുവതി പരാതിപ്പെട്ടിട്ടുള്ളത്. തൃക്കാരിയൂർ സ്വദേശിയായ അക്കൗണ്ടന്റും ഭാര്യയും ഇവരുടെ കുഞ്ഞും ബന്ധുവുമാണ് ആക്രമിക്കപ്പെട്ടത്.

അക്രമികളിൽ ഒരാൾ തന്നെ കാറിന്റെ ഡോറിനിടയിൽ അമർത്തിപ്പിച്ച് ശ്വാസം മുട്ടിച്ചെന്നും ഇതിനിടയിൽ മറ്റെയാൾ മറ്റുള്ളവരെ ആക്രമിച്ച് നിലംപരിശാക്കുക ആയിരുന്നെന്നും ഭർത്താവ് മറുനാടനോട് വ്യക്തമാക്കി.

സ്ത്രീയെ പരസ്യമായി അപമാനിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ,കുട്ടികളെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ആദ്യം പൊലീസിൽ ബന്ധപ്പെട്ടപ്പോൾ സംഭവം നിസാരവൽക്കരിക്കാൻ ശ്രമിച്ചെന്നും തുടർന്ന് വനിത ഹെൽപ്പ് ലൈനിൽ വിളിച്ചതിന് ശേഷമാണ് പരാതിയിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറായതെന്നും പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു.

ജയന്റെ കടയിൽ കയറിയിട്ടും ഇഷ്ടപ്പെട്ട ചെരിപ്പ് ലഭിച്ചില്ലെന്നും തുടർന്ന് സമീപത്തെ കടയിൽ നിന്നും ചെരുപ്പ് വാങ്ങിയെന്നും ഇതിന്റെ ദേഷ്യത്തിൽ ജയനും സഹോദരനും തങ്ങളെ ആക്രമിക്കുക ആയിരുന്നെന്നുമാണ് കുടുംബം പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.