കോഴിക്കോട്: ആന്ധ്രാ പ്രദേശിൽ നിന്നും ട്രെയിനിൽ പാർസലായി 17 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. തലശ്ശേരി സ്വദേശി പുതിയപുരയിൽ വീട്ടിൽ അബ്ദുള്ള (53)യെയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തതത്. കഴിഞ്ഞ ജൂലൈ 28 നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് ചെന്നൈ- മംഗലാപുരം മെയിൽ ട്രെയിനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ നിന്നും തലശ്ശേരിയിലേക്ക് അയച്ച മീൻ പാർസലിൽ നിന്നും 17 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.

പാർസലിന്റെ ഉടമയായ തലശ്ശേരി സ്വദേശി അറിക്കിലകത്ത് വീട്ടിൽ ഖലീൽ (36) എന്നയാളെ അന്നേ ദിവസം എക്‌സൈസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് കേസിന്റെ അന്വേഷണം എക്‌സൈസ് ക്രൈംബ്രഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാക്കിനടയിൽ താമസിച്ച് തലശ്ശേരി മാർക്കറ്റിലേക്ക് മീൻ കയറ്റി അയക്കുന്ന അബ്ദുള്ളയാണ് ഖലീലിന് കഞ്ചാവ് കാക്കിനടയിൽ നിന്ന് സംഘടിപ്പിച്ചു നൽകിയതെന്ന് വ്യക്തമാക്കി.

കാക്കിനടയിൽ നിന്നും നാട്ടിലെത്തിയതറിഞ്ഞ് പ്രതിയെ എക്‌സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ എർ എൻ ബൈജുവും സംഘവും ചേർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ സുഗന്ധകുമാർ, സജീവ്, സിവിൽ എക്‌സൈസ് ഓഫീസർ ജിബിൽ, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.